* ആത്മവിശ്വാസത്തിൽ സ്ഥാനാർത്ഥികൾ
* വോട്ടിംഗിലെ അപ്രതീക്ഷിത വർദ്ധനവിൽ അമ്പരന്ന് രാഷ്ട്രീയ നേതൃത്വം
പാലക്കാട്; സമീപകാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം പ്രതീക്ഷിച്ചതിലും കൂടുതൽ വർദ്ധിച്ചതോടെ അധിക വോട്ടുകൾ ആർക്കെന്ന കണക്കുകൂട്ടലുമായി മുന്നണികൾ. മികച്ച വിജയം നേടാനാകുമെന്നും ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും ഇടതു - വലതു മുന്നണികൾ അവകാശപ്പെടുമ്പോൾ പാലക്കാട് നിന്ന് ആദ്യമായി ലോക്‌സഭാ പ്രതിനിധിയുണ്ടാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
ഇന്നലെ ഉച്ചയോടെ പുറത്തുവന്ന അന്തിമ കണക്കുപ്രകാരം ജില്ലയിൽ വോട്ടിംഗ് ശതമാനം 78.64. പാലക്കാട് ലോകസഭ മണ്ഡലത്തിൽ 77.62 ശതമാനവും ആലത്തൂരിൽ 80.32 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുളളത്. ജില്ലയിലെ ആകെ 2197214 വോട്ടർമാരിൽ 12 നിയോജക മണ്ഡലങ്ങളിലായി 1728043 പേർ വോട്ടുകൾ രേഖപ്പെടുത്തി. പോളിംഗ് പൂർത്തിയായപ്പോൾ 836048 പുരുഷ വോട്ടർമാരും 891994 സ്ത്രീ വോട്ടർമാരുമാണ് തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ചത്. മലമ്പുഴ നിയോജമണ്ഡലത്തിലാണ് കൂടുതൽ പോളിംഗ് നടന്നത്. ഇവിടെ 161637 പേർ വോട്ടുചെയ്തു. കുറവ് വോട്ട് രേഖപ്പെടുത്തിയത് തരൂരാണ്. 131293 പേർ.
കഴിഞ്ഞവർഷത്തേക്കാൾ വോട്ടിംഗ് ശതമാനം വർദ്ധിക്കുമെന്നാണ് വിലയിരുത്തിയിരുന്നത് എങ്കിലും അപ്രതീക്ഷീത വർദ്ധനവ് നൽകുന്നത് പാലക്കാട് മണ്ഡലം കനത്ത രാഷ്ട്രീയ പോരാട്ടത്തിന് വേദിയായി എന്നു തന്നെയാണ്. അതിനാൽ തന്നെ പരമ്പരാഗത ശൈലിയോ കണക്കെടുപ്പുകളോ ഇത്തവണ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് സാദ്ധ്യമല്ല. എല്ലാ നിയോജക മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പോളിംഗ് നടന്നിട്ടുണ്ട്. ഇത് ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമാവുമെന്നും പ്രവചിക്കുക അസാദ്ധ്യം. തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെ ആളുകളെ പരമാവധി ബൂത്തിലെത്തിക്കാൻ സാധിച്ചുവെന്നും അതിനാൽ തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നുമാണ് എൽ.ഡി.എഫും - യു.ഡി.എഫും ബി.ജെ.പിയും വാദിക്കുന്നത്.
പാലക്കാട് മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 2.27 ശതമാനം വോട്ടുകളാണ് അധികം പോൾ ചെയ്തിരിക്കുന്നത്. ആലത്തൂരിൽ 3.87 ഉം. ഇതോടെ ശബരിമല യുവതിപ്രവേശന വിഷയം, പുതുവോട്ടർമാർ ആരോടൊപ്പം, പ്രളയവും പുനർനിർമ്മാണവും, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തൽ എന്നിവ വോട്ടിംഗിൽ പ്രതിഫലിച്ചു എന്നുവേണം കരുതാൻ. ഇവയെല്ലാം ഇഴകീറി പരിശോധിക്കുകയാണ് മുന്നണി നേതൃത്വങ്ങൾ. ശബരിമല വിഷയത്തിൽ ഭൂരിപക്ഷവോട്ടുകളുടെ ഏകീകരണം നടന്നുവെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. സ്ത്രീ വോട്ടർമാർ കൂടുതലായി പോളിംഗ് ബൂത്തുകളിലേക്ക് എത്തിയതും കൂടി പരിശോധിക്കുമ്പോൾ തള്ളിക്കളയാനാവില്ല ആ വാദത്തെ. പക്ഷേ, നാമജപ യജ്ഞത്തിലെ സ്ത്രീകളുടെ പങ്കാളിത്തം പോലെ ശ്രദ്ധേയമായിരുന്നു സർക്കാർ വിവിധ സമുദായ സംഘടനാ നേതൃത്വങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച നവോത്ഥാന വനിതാ മതിൽ. അതുകൊണ്ട് ശബരിമല യഥാർത്ഥത്തിൽ ആർക്ക് ഗുണം ചെയ്തു എന്നത് അറിയാണ് വോട്ടെണ്ണൽ വരെ കാത്തിരിക്കണം. ബി.ജെ.പിയിലേക്ക് കൂടുതലായി പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഏതു മുന്നണിയുടേതാകുമെന്നതിലാണ് ഇപ്പോഴത്തെ ആശങ്ക. അതുതന്നെയാകും വിജയത്തിൽ നിർണായകമാവുക.
വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായത് കേന്ദ്രസർക്കാരിനെതിരായി വോട്ടർമാരുടെ ആവേശം ഉയർത്തിയെന്നും അതാണ് പാലക്കാട് ഉൾപ്പെടെ എല്ലാ മണ്ഡലങ്ങളിലും വോട്ടുശതമാനം ഉയരാൻ സഹായിച്ചതെന്നുമുള്ള വിലയിരുത്തലിലാണ് യു.ഡി.എഫ്. കേന്ദ്രസർക്കാരിനെതിരെ ന്യൂനപക്ഷം വിധിയെഴുതുമ്പോൾ അത് എൽ.ഡി.എഫിനേക്കാൾ ഗുണം ചെയ്യുക കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്കാകും എന്നും അവർ വിലയിരുത്തുന്നു. പോളിംഗ് ശതമാനം നോക്കിയാൽ കോങ്ങാടാണ് ഏറ്റവും കൂടുതൽ (78.76%), തൊട്ടു പുറകിൽ മലമ്പുഴയും ( 78.75% ), മണ്ണാർക്കാടും ( 78.32%). പട്ടാമ്പി (76.87), ഷൊർണൂർ (78.11), ഒറ്റപ്പാലം (77.21), പാലക്കാട് (75.47) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിംഗ്. ഇതിൽ മണ്ണാർക്കാടും പാലക്കാടും യു.ഡി.എഫിന് ഏറെ പ്രതീക്ഷ നൽകുന്നു. കോങ്ങാട്, ഷൊർണൂർ, പട്ടാമ്പി എന്നിവടങ്ങളിൽ എൽ.ഡി.എഫും പ്രതീക്ഷവയ്ക്കുന്നു. പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.ബി.രാജേഷിന് 31350 വോട്ടുകളുടെ ഭൂരിപക്ഷം നൽകിയ മലമ്പുഴ ഇത്തവണ എങ്ങനെ പ്രതികരിച്ചു എന്നതാണ് നിർണായകം. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന പഞ്ചായത്ത് - നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവിടെ ബി.ജെ.പിയുടെ മുന്നേറ്റം എടുത്തുപറയേണ്ടതാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ നാൽപ്പത്തിയേഴായിരം വോട്ടുകളാണ് സി.കൃഷ്ണകുമാർ മലമ്പുഴയിൽ നേടിയത്. കൂടാതെ നായർ വോട്ടുകളുള്ള ഒറ്റപ്പാലത്തും ശബരിമല വിഷയം പ്രധാന വിഷയമാണ്.
ചരിത്രത്തിലില്ലാത്തവിധം കെട്ടുറപ്പോടെയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ തുണയാകുമെന്നും മോദി സർക്കാരിനെതിരെയുള്ള വോട്ടുകൾ സ്വന്തമാക്കാമെന്നും ഇടതുപക്ഷം പ്രതീക്ഷിക്കുന്നു. മറ്റേതു വിഷയത്തേക്കാളും ഉപരിയായി ശബരിമലയാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി പ്രതീക്ഷയർപ്പിക്കുന്ന ഘടകം. സംഘടനാ സംവിധാനം ഇല്ലാത്ത സ്ഥലങ്ങളിൽപോലും ശബരിമല യുവതീപ്രവേശന വിഷയം പരമാവധി പ്രചരിപ്പിക്കാനും അതിലൂടെ പരമാവധി വോട്ടുകൾ സമാഹരിക്കാനും പാർട്ടി ശ്രദ്ധിച്ചുവെന്നും നേതൃത്വം വ്യക്തമാക്കുന്നു.