പാലക്കാട്: കഴുത്തിൽ തേപ്പുപെട്ടിയുടെ വയർ മുറുക്കി വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 12വർഷം കഠിനതടവും 1.3ലക്ഷം രൂപ പിഴയും ശിക്ഷ. തണ്ണീർപ്പന്തൽ കണ്ണത്ത് വീട്ടിൽ രതീഷി (37)നാണ് അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി ഇ.സി.ഹരിഗോവിന്ദൻ ശിക്ഷ വിധിച്ചത്.
പല്ലഞ്ചാത്തനൂർ കാരാട് വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ മാധവി (59)യെ കൊലപ്പെടുത്തിയ കേസിലാണ് വിധി. പിഴത്തുക മാധവിയുടെ അനന്തരാവകാശികൾക്ക് കൊടുക്കണം. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധിക കഠിനതടവനുഭവിക്കണം.
2011 ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ രതീഷ് സംഭവദിവസം മാധവി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കി വീട്ടിലെത്തുകയും സോഫയിലിരുന്ന് ടി.വി കാണുകയായിരുന്ന മാധവിയുടെ കഴുത്തിൽ ഫാനിന്റേയും ഇസ്തിരിപ്പെട്ടിയുടെ വയർ കുരുക്കി കൊലപ്പെടുത്തി. അവർ ധരിച്ചിരുന്ന ആറേകാൽ പവൻ സ്വർണം കവർന്നതായാണ് കേസ്.
മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് പണയം വച്ചു. ബാക്കിയുള്ളവ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചു. ഇവ പിന്നീട് പൊലീസ് കണ്ടെടുത്തു. കുഴൽമന്ദം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സി.ഐമാരായ ഇ.ജലീൽ, ഇ.ബാലകൃഷ്ണൻ, പി.സി.ഹരിദാസൻ എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ആർ.ആനന്ദ്, കെ.അരവിന്ദാക്ഷൻ എന്നിവർ ഹാജരായി.