പാലക്കാട്: വോട്ടെടുപ്പ് കഴിഞ്ഞതോടെ ആലത്തൂർ, പാലക്കാട് ലോകസഭ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ മുണ്ടൂരിലെ ആര്യാനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. രണ്ട് മണ്ഡലങ്ങളിലായി 2110 ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങളാണ് ഇവിടെ കനത്ത സൂരക്ഷയിലുള്ളത്.
വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങളെല്ലാം വിക്ടോറിയ കോളജിലും ആലത്തൂരിലെ എ.എസ്.എം ഹയർസെക്കൻഡറി സ്‌കൂളിലേക്കുമാണ് എത്തിച്ചത്. ഇന്നലെ പുലർച്ചെയോടെയാണ് അവ മുണ്ടൂരിലെ ആര്യനെറ്റിലെത്തിച്ചത്. നേരത്തെ പാലക്കാട് മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ വിക്ടോറിയകോളജിലും ആലത്തൂരിലെ എ എസ് എം ഹയർസെക്കന്ററി സ്‌കൂളിലുമാണ് സൂക്ഷിച്ചിരുന്നു. എന്നാൽ ബൂത്തുകൾ വർധിച്ചതിനെ തുടർന്ന് വോട്ടിംഗ് യന്ത്രങ്ങളുടെ ബാഹുല്യവും സുരക്ഷിതത്വവും കണക്കിലെടുത്താണ് മൂണ്ടൂരിൽ സൂക്ഷിക്കാൻ തിരെഞ്ഞടുപ്പ് കമ്മിഷൻ തീരുമാനിച്ചത്. ജില്ലാ വരണാധികാരി കൂടിയായ ജില്ലാകളക്ടർ ഡി.ബാലമുരളിയുടെ സാന്നിദ്ധ്യത്തിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്ത് മുറികളിൽ സൂക്ഷിച്ചിട്ടുള്ളത്. കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി വോട്ടെണ്ണൽ ദിവസമായ മെയ് 23ന് മാത്രമേ പുറത്തെടുക്കുകയുള്ളൂ.