കടമ്പഴിപ്പുറം: മുണ്ടൂർ - പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ കോങ്ങാട് മുതൽ മംഗലാംകുന്ന് വരെയുള്ള നവീകരണം പൂർത്തിയായ 12 കിലോമീറ്റർ പാത മാസങ്ങൾക്കകം തകർന്നു. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ റോഡിലെ ടാർ ഇളകി പാതയിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.

കേന്ദ്രാവിഷ്‌കൃത ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തി പൂർത്തിയാക്കിയത്. ഫണ്ട് അനുവധിച്ചിട്ടും നവീകരണപ്രവർത്തികൾ ആരംഭിക്കാത്തതിലും തകർന്ന് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതവും മൂലം നിരവധി പ്രതിഷേധങ്ങൾക്കും മുറവിളി കൾക്കും ഒടുവിൽ രണ്ടു മാസം മുൻപാണ് ടാറിംഗ് പൂർത്തിയാക്കിയത്. മാസങ്ങൾ പിന്നിട്ടപ്പോഴക്കും റോഡ് തകർന്നത് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. റോഡിന്റെ നിർമ്മാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇതു കൂടാതെ കോങ്ങാട് മുതൽ പാറശ്ശേരി, മാഞ്ചേരിക്കാവ്, കടമ്പഴിപ്പുറം ഹൈസ്‌കൂളിന് സമീപം, മംഗലാംകുന്ന് കയറ്റം എന്നിവിടങ്ങളിൽ ടാർ ഇളകി മാറി മെറ്റൽ പുറത്ത് വന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.