പാലക്കാട്: ജില്ലയിൽ ഇന്നലെ കൂടിയ താപനില 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മുണ്ടൂർ ഐ.ആർ.ടി.സിയിലെ താപമാപിനിയിലാണ് ഇന്നലെ ഉയർന്ന ചൂട് 38 ഡിഗ്രിയിലെത്തിയത്. കുറഞ്ഞ താപനില 24 ഡിഗ്രിയും ആർദ്രത 46 ശതമാനവും രേഖപ്പെടുത്തി. മലമ്പുഴ ഡാം പരിസരത്ത് 36.6 ഡിഗ്രിയാണ് കൂടിയ താപനില. കുറഞ്ഞത് 26.4 ഡിഗ്രിയും ആർദ്രത 52 ശതമാനവുമാണ്. ചൊവ്വാഴ്ച 36.1 ഡിഗ്രിയായിരുന്നു ഇവിടുത്തെ കൂടിയ ചൂട്. 35.8 ഡിഗ്രിയാണ് പട്ടാമ്പിയിലെ ഉയർന്ന താപനില. കുറഞ്ഞത് 22.6 ഡിഗ്രി. ആർദ്രത രാവിലെ 88 ശതമാനവും വൈകീട്ട് 35 ശതമാനവും രേഖപ്പെടുത്തി. 34.3 ഡിഗ്രിയായിരുന്നു ചൊവ്വാഴ്ച പട്ടാമ്പിയിലെ ചൂടിയ താപനില.
ഉച്ചവരെ ഉയർന്ന ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും വൈകുന്നേരത്തോടെ അന്തരീക്ഷത്തിൽ ചൂടിന് ശമനമുണ്ടാവുന്നുണ്ട്. തണുത്ത കാറ്റും കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നതും ചൂട് കുറയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പെയ്ത വേനൽമഴ ചൂടിന്റെ കാഠിന്യം കുറയുന്നതിന് കാരണമായി. എന്നാൽ ശക്തമായ കാറ്റിൽ പലേടത്തും വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്.