പാലക്കാട്: തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്നതിന്റെ അമ്പരപ്പ് മാറും മുന്നേ കോൺഗ്രസിൽ പൊട്ടിത്തെറിക്ക് സാദ്ധ്യതയേറുന്നു. ഡി.സി.സി പ്രസിഡന്റും പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ വി.കെ.ശ്രീകണ്ഠന്റെ പ്രസ്താവനയാണ് ഇപ്പോൾ പാർട്ടിയെ പ്രതിസന്ധയിലാക്കിയിരിക്കുന്നത്.
ആദ്യം തന്റെ വിജയസാധ്യതയില്ലാതാക്കാൻ പാർട്ടിക്കുള്ളിൽ ഒരുവിഭാഗം രംഗത്തുവന്നെന്ന് പറഞ്ഞെങ്കിലും പിന്നീട് അത് തിരുത്തി. ഗൂഢാലോചന നടന്നത് പാർട്ടിയിലോ മുന്നണിയിലോ അല്ല. പാർട്ടി പ്രവർത്തകരും നേതാക്കളും ഇത്രമാത്രം ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. ഫലപ്രഖ്യാപനത്തിനു ശേഷം തെളിവ് സഹിതം പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പാലക്കാട് മണ്ഡലത്തിൽ വി.കെ.ശ്രീകണ്ഠന്റെ തിരെഞ്ഞടുപ്പ് പ്രചരണസമത്ത് ഒരു വിഭാഗം വിട്ട് നിന്നതായി പരാതി ഉയർന്നിരുന്നു. കൂടാതെ പ്രചരണ പരിപാടികളിലെ ഏകോപനമില്ലായ്മയും പ്രകടമായിരുന്നു. പാലക്കാട് മണ്ഡലത്തിനേക്കാൾ ഉണർവ് ആലത്തൂരിലാണ് പലപ്പോഴും കണ്ടത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജില്ലയിലെത്തി റിവ്യു മീറ്റിംഗ് നടത്തിയശേഷമാണ് പ്രചരണം സജീവമായത്.
പാർട്ടിക്കുള്ളിൽ മാത്രം പറയേണ്ട കാര്യങ്ങൾ പുറത്തുപറഞ്ഞത് നേതൃത്വം വലിയ ഗൗരവത്തോടെയാണ് കാണുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭിച്ചില്ലെന്നും അതുകൊണ്ട് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ നിർജ്ജീവമായി പോയെന്നുമായിരുന്നു ശ്രീകണ്ഠൻ ഉന്നയിച്ച മറ്റൊരു ആരോപണം. പിന്നീടത് തള്ളി കളഞ്ഞു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് പാലക്കാട് മണ്ഡലത്തിൽ മത്സരിച്ചിരുന്ന എം.പി.വീരേന്ദ്രകുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതും ശ്രീകണ്ഠൻ തന്നെയായിരുന്നു. അന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ദയനീയ പരാജയത്തിൽ ശ്രീകണ്ഠനെതിരെ ഏറെ വിവാദങ്ങൾ ഉയരുകയും കെ.പി.സി.സി അന്വേഷണ കമ്മിഷനെ വെക്കുകയും ചെയ്തിരുന്നു. ഇതും ഇപ്പോൾ ചർച്ചയായിട്ടുണ്ട്. കൂടാതെ ജന്മനാടായ ഷൊർണൂരിൽ പോലും സംസ്ഥാന നേതാക്കളെ ഉപയോഗിച്ച് ഒരു പൊതുയോഗം പോലും നടത്താൻ കഴിഞ്ഞിരുന്നില്ലെന്നതും പ്രവർത്തകർക്കിടയിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കോൺഗ്രസിലെ മുൻ കാല പ്രവർത്തകരെ ഏകോപിപ്പിക്കാനോ ഇവരെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനോ കഴിഞ്ഞിരുന്നില്ലെന്ന വിമർശനവും ഉയർന്നിരുന്നു. വോട്ടിംഗ് കഴിഞ്ഞ തൊട്ടടുത്ത ദിവസം നടത്തിയ പ്രസ്താവനകൾ വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകുമെന്നാണ് വിലയിരുത്തുന്നത്.