ചിറ്റൂർ: കിഴക്കൻ മേഖലയിലെ മേനോൻപാറ പാലത്തിനു താഴെയുള്ള മുഴുവൻ തടയണകളും നിറഞ്ഞു. പറമ്പികുളം - ആളിയാർ കരാർ പ്രകാരം ഏപ്രിൽ മുതൽ മെയ് 15 വരെ സംസ്ഥാനത്തിന് വെള്ളത്തിന് അർഹതയിലാത്ത സമയത്താണ് മുഴുവൻ തടയണകളും നിറച്ചിരിക്കുന്നത്. മൂലത്തറ റെഗുലേറ്ററിൽ നിന്നും 20 ദിവസത്തിലധികം വലതുകര കനാൽ വഴി ജലവിതരണം നടത്തിയാണ് കോരയാറിലെ മുഴുവൻ തടയണകളും നിറച്ചതെന്ന് വലതുകരയുടെ ചുമതലയുള്ള എ.ഇ എ.കെ.രശ്മി പറഞ്ഞു.

നിലവിൽ ആളിയാറിൽ നിന്നും 144.7 ക്യൂ സെക്‌സ് എന്ന തോതിൽ വെള്ളം മൂലത്തറയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. സർക്കാറിന്റെയും മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെയും കാര്യക്ഷമമായ ഇടപ്പെടലാണ് വേനലിലും ആളിയാറിൽ നിന്നും വെള്ളം എത്തിക്കാനായത്. കാലവർഷത്തിൽ പോലും കുടിവെള്ളത്തിനായി ടാങ്കർ ലോറിവെള്ളത്തിനെ ആശ്രയിക്കുന്ന കിഴക്കൻ മേഖലക്കാരുടെ 20 വർഷത്തിലധികമായുള്ള ആവശ്യമാണ് കഴിഞ്ഞ രണ്ടു വർഷങ്ങളായി നടപ്പിലാകുന്നത്.

കഴിഞ്ഞ വർഷം ജനുവരി, ഏപ്രിൽ മാസങ്ങളിൽ തടയണ നിറച്ചു നൽകിയിരുന്നു. പിന്നീട് പ്രളയത്തിനു ശേഷം തടയണയിൽ വെള്ളം വറ്റിയിട്ടില്ലെന്നത് വലിയ നേട്ടമാണ്. തടയണയിൽ വെള്ളം നിറച്ചതോടെ പ്രദേശത്തെ ഭൂഗർ ജലവിതാനം ഗണ്യമായി ഉയർന്നതായി അധികൃതർ പറഞ്ഞു. കുടിവെള്ളം, കാർഷികാവശ്യങ്ങൾ എന്നിവക്കായി വർഷത്തിൽ ഒരു തവണയെങ്കിലും തടയണകൾ നിറച്ചു നൽകണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിരുന്നില്ല.