വടക്കഞ്ചേരി: മുടപ്പല്ലൂർ ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാനായി നിർമ്മിച്ച ചാലുകൾ ഉപയോഗശൂന്യം, നടപടിയെടുക്കാതെ അധികൃതർ. നഗരത്തിലെ ചിലഭാഗങ്ങളിൽ സ്വകാര്യ വ്യക്തികൾ വെള്ളച്ചാൽ അടച്ചത് പ്രശ്‌നം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഇതുമൂലം കനത്തമഴ പെയ്താൽ തൊട്ടടുത്തുള്ള വീടുകളിലേക്ക് വെള്ളം കയറുമെന്ന് നാട്ടുകാർ പറയുന്നു.
2014ൽ കെ.എ.ചന്ദ്രൻ എം.എൽ.എയുടെ പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് മുടപ്പല്ലൂർ ജംഗ്ഷനിൽ വെള്ളച്ചാൽ നിർമ്മിച്ചത്. സ്വകാര്യ വ്യക്തികൾ, ഹോട്ടലുടമകൾ, നഗരത്തിലെ വഴിയോര കച്ചവടക്കാർ, പച്ചക്കറി - പഴം വില്പനക്കാർ എന്നിവരുൾപ്പെടെ മാലിന്യം തള്ളുന്നത് ഇവിടെയാണ്. സമീപ കാലത്ത് അഴുക്കുചാലിൽ നിന്ന് മാലിന്യങ്ങൾ നീക്കിയിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതുമൂലം മഴ പെയ്താൽ വെള്ളം കെട്ടിനിന്ന് റോഡിലേക്ക് ഒഴുകിയെത്തും. അഴുക്കുചാലിന് താഴെയുള്ള വീടുകളിലേക്ക് വെള്ളംഇരച്ചുകയറുമെന്നും പ്രദേശവാസികൾ പറയുന്നു. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലം പരിശോധന നടത്തി മടങ്ങുന്നതല്ലാതെ പരിഹാര നടപടികൾ മാത്രം എടുക്കാറില്ല. ഈ മഴക്കാലത്തെങ്കിലും അഴുക്കുചാൽ വൃത്തിയാക്കി അനധികൃതമായി ചാലിലേക്ക് വെള്ളമൊഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.