ശ്രീകൃഷ്ണപുരം: അമ്പലപ്പാറ പഞ്ചായത്തിൽ ആവശ്യത്തിന് സ്ഥിരംജീവനക്കാരില്ലത്തത് ഭരണ സ്തംഭനത്തിനു കാരണമാകുന്നു. 20 വാർഡുകളുള്ള പഞ്ചായത്തിൽ പദ്ധതികളുടെയും, പ്രവർത്തികളുടെയും നടത്തിപ്പിലും നിർവഹണത്തിലും കാര്യക്ഷമത വിലയിരുത്തുന്നതിലും ഉദ്യോഗസ്ഥരുടെ അഭാവം പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വികസന മുരടിപ്പിന് കാരണമാകുന്നതായാണ് പരാതി.
ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ എ.ഇ, ഓവർസീയർ തസ്തികകളിൽ സ്ഥിരനിയമനം ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. നിയമനങ്ങൾക്ക് ഭരണ കക്ഷിത്തന്നെ തടസം ഉന്നയിക്കുകയും, ഇടപെടുന്നു എന്നാണ് ആരോപണം. രണ്ടു ഓവർസിയർമാർ വേണ്ടിടത്ത് ഒരാൾ മാത്രമാണുള്ളത്. മറ്റൊരാൾ താത്കാലികമാണ്. പഞ്ചായത്തിൽ എ.ഇയെ നിയമിചിട്ടില്ല. വാണിയംകുളം പഞ്ചായത്തിലെ എ.ഇക്കാണ് ഇപ്പോൾ ഇവിടെത്തെ അധികചുമതല. ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിന് പ്രവർത്തികളുടെ നടത്തിപ്പ്, ചെയ്ത പ്രവർത്തികളുടെ കാര്യക്ഷമത ഉറപ്പുവരുത്തൽ, ടാറിംഗ്, കോണ്ക്രീറ്റ് തുടങ്ങി റോഡ് നിർമ്മാണ പ്രവർത്തികൾ എന്നിവക്കെല്ലാം പരിശോധന നടത്തി പുരോഗതി വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ കുറനവ് വലിയ പ്രശ്‌നമാണ്. ഇതുമൂലം കരാറുകാർക്ക് പണി പൂർത്തികരിച്ചതിന് കിട്ടേണ്ട തുകക്ക് കാലതാമസം നേരിടുന്നു. പ്രവർത്തി പൂർത്തിയാക്കിയതിന്റെ ബില്ലുകൾ ലഭിക്കാത്തതുമൂലം മറ്റു പ്രവർത്തികൾക്ക് തടസങ്ങളും ഉണ്ടാകുന്നുണ്ട്.
സമീപ പഞ്ചായത്തുകളിൽ എൻ.ആർ.ഇ. ജി.എസ് വർക്കുകളിൽ സ്ഥിരം ആസ്തി നിലനിർത്തികൊണ്ടുള്ള വർക്കുകളിൽ കേന്ദ്രസർക്കാർ അനുവധിച്ച അധിക തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് മേഖലയിൽ നടപ്പാക്കുമ്പോൾ സ്ഥിരമായി എ.ഇ ഇല്ലാത്തതുമൂലം പ്രവർത്തനങ്ങൾ തടസപ്പെടുന്നു.

തൊഴിലുറപ്പ് പദ്ധതിയിലൂടെ കിണർ റീചാർജിംഗ്, റോഡിന്റെ മെറ്റീരിയൽ വർക്കുകൾ, കുളങ്ങൾ, തോടുകൾ എന്നിവയുൾപ്പെടെ കഴിഞ്ഞ മൂന്ന് വർഷമായി ആകെ 19 മെറ്റീരിയൽ വർക്കുകളാണ് ആകെ പൂർത്തിയാക്കിയിട്ടുള്ളത്. ഈ വർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് തന്നെ അടുത്ത വർഷവും തുക വകയിരുത്തേണ്ടി വരുന്നു. മൂന്നുറിലധികം പ്രൊജകറ്റുകൾ പഞ്ചായത്തിലുള്ളപ്പോൾ പകുതിപോലും സമയബന്ധിതമായി നടപ്പിലാക്കിയിട്ടില്ല. പൂർത്തികരിച്ച പ്രവർത്തനങ്ങൾക്ക് പഞ്ചാായത്തിന്റെ തനതു ഫണ്ടിൽ നിന്ന് തുക കൈമാറേണ്ട അവസ്ഥയാണ്. ഇതുമൂലം പഞ്ചായത്തിന്റെ മറ്റുവികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാതെ വരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമവും ഗതാഗത യോഗ്യമല്ലാത്ത റോഡുകളുമുണ്ട്. ഈ പ്രതിസന്ധി എന്ന് തീരും എന്നറിയാതെ നട്ടം കറങ്ങുകയാണ് നാട്ടുകാർ.