ഒറ്റപ്പാലം: ചോറോട്ടൂരിലെ ക്വാറിക്കെതിരെയുള്ള പരാതി പരിശോധിക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു. റദ്ദാക്കിയ അനുമതികൾ വീണ്ടും കൊടുക്കാൻ കഴിയുമോ എന്ന് നേരിട്ട് സന്ദർശിച്ച് വിലയിരുത്തുന്നതിനായിരുന്നു പരിശോധന.

വീടുകൾ വിണ്ട് കീറിയും അനധികൃത കൈയേറ്റം നടത്തിയെന്നുമുള്ള പരാതികളാണ് ക്വാറി ഉടമക്കെതിരെ ഉയർന്നിരുന്നത്. കൈയേറ്റമുൾപ്പടെയുള്ള പ്രശ്‌നങ്ങൾ കണ്ടെത്താൻ റവന്യു വകുപ്പിനോടാവശ്യപ്പെടുമെന്ന് ജിയോളജിസ്റ്റ് സജീവൻ പറഞ്ഞു. ക്വാറിയിലെ സ്‌ഫോടനത്തിന്റെ ഭാഗമായി വീടുകൾ വിണ്ട് കീറുന്നതായുള്ള പരാതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്വാറിക്കെതിരെ പരാതി ഉയർന്നതിനെ തുർന്ന് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. ക്വാറി ഉടമ പിന്നീട് കോടതിയെ സമീപിച്ചാണ് അനുമതി വാങ്ങിയത്. ക്വറിയുടെ പ്രവർത്തനത്തിനെതിരെ വാണിയംകുളം പഞ്ചായത്തും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ക്വാറിക്ക് സമീപത്തെ ഇരുപതോളം വീടുകൾക്ക് സ്‌ഫോടനത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ചുവെന്നതാണ് പരാതി. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഒരുമാസം നീണ്ടു നിന്ന കുത്തിയിരിപ്പ് സമരം നടന്നു.

പാരിസ്ഥിതികാനുമതിയും എക്‌സ്‌പ്ലോസീവ് അനുമതിയും മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിയും പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാനാണ് മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പിന്റെ തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് എം.പ്രിയ, സ്ഥിരം സമിതി അധ്യക്ഷൻ കെ.കൃഷ്ണകുമാർ, വില്ലേജ് ഓഫീസർ റഹ്മത്ത് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.


ജിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന