പാലക്കാട്: തുടർച്ചയായി രണ്ടാം ദിവസവും ജില്ലയിലെ ഉയർന്ന താപനില 38 ഡിഗ്രി. മുണ്ടൂർ ഐ.ആർ.ടി.സിയിലെ താപമാപിനിയിലാണ് 38 ഡിഗ്രി രേഖപ്പെടുത്തിയത്. കുറഞ്ഞ ചൂട് 27 ഡിഗ്രിയും ആർദ്രത 55 ശതമാനവുമാണ്. മലമ്പുഴ ഡാം പരിസരത്ത് 37.4 ഡിഗ്രിയാണ് കൂടിയ ചൂട്. കുറഞ്ഞത് 26.6 ഡിഗ്രി. ആർദ്രത 53 ശതമാനം. പട്ടാമ്പിയിൽ കൂടിയ താപനില 34.8 ഡിഗ്രിയും കുറഞ്ഞത് 24.2 ഡിഗ്രിയും രേഖപ്പെടുത്തി. രാവിലെ 90 ശതമാനമായിരുന്ന ആർദ്രത വൈകുന്നേരം 48 ശതമാനത്തിലെത്തി.
കഠിനമായ ചൂടിൽ ഇന്നലെ വടക്കഞ്ചേരിയിൽ ചുമട്ടുതൊഴിലാളിക്ക് പൊള്ളലേറ്റു. ഇളവം പാടം കറുപ്പംകുടം രാജേഷി(31)നാണ് ജോലിക്കിടെ പൊള്ളലേറ്റത്. രാജേഷിന്റെ പുറത്തും കഴുത്തിനു ചുറ്റും വൻതോതിൽ കുമിളകൾ രൂപപ്പെടുകയായിരുന്നു. ഇളവംപാടം ആർ.പി.എസിന് സമീപം റബ്ബർ മരം കയറ്റി കൊണ്ടിരിക്കുന്നതിനിടെ വ്യാഴാഴ്ച പകൽ ഒരു മണിയോടെയാണ് സംഭവം. മൂലങ്കോട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. സൂര്യതാപമേറ്റതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിർദേശിച്ചു.