പാലക്കാട്: നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന പ്രധാന കണ്ണി പിടിയിൽ. കൽമണ്ഡപം സെൽവപാളയം പഞ്ചമി ഗാർഡൻസ് ഫർഷാദ് അലി (25) യെയാണ് പാലക്കാട് എക്‌സൈസ് ഇന്റലിജൻസും പാലക്കാട് സർക്കിളും ചേർന്ന് പിടികൂടിയത്. പ്രതിയിൽ നിന്ന് പൾസർ സൈക്കും 40 പൊതികളിലായി 150 ഗ്രാം കഞ്ചാവും പിടികൂടി.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യക്കാരനായ വിദ്യാർത്ഥിയെന്ന വ്യാജേന അധികൃതർ പ്രതിയെ സമീപിക്കുകയായിരുന്നു. ആവശ്യാനുസരണം കഞ്ചാവ് നൽകാൻ വന്നപ്പോഴാണ് ഫർഷാദിനെ പിടികൂടിയത്. കോഴിക്കോട് ബൈപ്പാസിൽ കൽമണ്ഡപം ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപം കുറ്റികാടുകളിലാണ് ഇയാൾകഞ്ചാവ് വിറ്റിരുന്നത്. പിടിച്ച ശേഷം പ്രതിയുടെ മൊബൈലിൽ നിരവധി വിദ്യാർത്ഥികളാണ് വിളിച്ചത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.സതീഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ എം.റിയാസ്, പ്രിവന്റിവ് ഓഫീസർമാരായ സെന്തിൽകുമാർ, യൂനിസ്, സജിത്ത്, സജീവ്, സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനായകൻ, രതീഷ് കുമാർ, ഡ്രൈവർ സത്താർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.