പാലക്കാട്: കൊടുംചൂടിന് ആശ്വാസമായി ഇടവിട്ട് വേനൽമഴ ലഭിച്ചതോടെ ജില്ലയിലെ കർഷകർ ഒന്നാംവിളക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ആലത്തൂർ, നെന്മാറ, തേങ്കുറുശ്ശി, കൊടുവായൂർ, കൊല്ലങ്കോട് തുടങ്ങിയ പ്രദേശങ്ങളിൽ പാടങ്ങൾ ഉഴുതുമറിക്കൽ തുടങ്ങി. വേനൽമഴ ഇത്തവണ വൈകി ലഭിച്ചതിനാൽ അടുത്തമാസം ആദ്യം പെയ്യുന്ന മഴയിൽ പൊടിവിത തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷയിലാണെന്ന് കർഷകർ.
ഉഴുതുമറിച്ച പാടങ്ങളിൽ ഇനിയൊരു മഴയ്ക്കു മുമ്പ് കളകൾ പെരുകാൻ സാധ്യതയേറെയാണ്. കളപെരുകിയ പാടങ്ങൾ ഒന്നുകൂടി കുമ്മായം, ചാണകം തുടങ്ങിയ വളങ്ങൾ ഇട്ട് പൂട്ടിമറിക്കും. ഇത് ഒന്നാംവിളയ്ക്കുള്ള നല്ല വളമാണ്. ജ്യോതി, ഉമ, ജയ തുടങ്ങിയ വിത്തുകളാണ് കർഷകർ കൂടുതലായി ഉപയോഗിക്കുന്നത്. കൃഷിഭവനുകളിൽ നിന്ന് സബ്‌സിഡി നിരക്കിൽ കർഷകർക്ക് വിത്ത് വിതരണം ചെയ്യും.
പ്രളയശേഷമുള്ള കഴിഞ്ഞ രണ്ടാംവിള കാലാവസ്ഥ അനുയോജ്യമായതോടെ നല്ല വിളവാണ് ജില്ലയിലെ കർഷകർക്ക് ലഭിച്ചത്. ഒരേക്കറിൽ നിന്ന് 2600 കിലോവരെ നെല്ല് ലഭിച്ചത്. എന്നാൽ അധികനെല്ല് സംഭരിക്കാൻ സാധിക്കില്ലെന്ന് ചില മില്ലുകൾ പറഞ്ഞത് കർഷകർക്ക് ഏറെ ബുദ്ധിമുട്ടായി. തുടർന്ന് ഏറ്റെടുക്കാൻ തയ്യാറായ മില്ലുകാർക്ക് അധികൃതർ അനുമതി നൽകുകയായിരുന്നു. പ്രളയമൂലം ഒഴുകിയെത്തിയ മേൽമണ്ണ് പാടങ്ങളിൽ അടിഞ്ഞതാണ് വിളവ് വർദ്ധിക്കാൻ കാരണമായത്.
രണ്ടാംവിളയിൽ ജില്ലയിൽ നിന്ന് സപ്ലൈകോ 139 മെട്രിക് ടൺ നെല്ലാണ് ആകെ സംഭരിച്ചത്. ഇതിൽ 205 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തു കഴിഞ്ഞു. ചിറ്റൂർ, ആലത്തൂർ താലൂക്കുകളിൽ നിന്നാണ് കൂടുതൽ നെല്ല് സംഭരിച്ചത്. മണ്ണാർക്കാട് നിന്നാണ് ഏറ്റവും കുറവ് സംഭരിച്ചത്. കഴിഞ്ഞ ഒന്നാവിളയിൽ പി.ആർ.എസ് വഴി സംഭരിച്ച നെല്ലിന്റെ തുക പൂർണമായും നൽകിയെന്നും നേരിട്ടുള്ള ഫണ്ടുവഴി സംഭരിച്ചതിൽ 850 കർഷകരുടെ തുക നൽകാനുണ്ടെന്നും ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ കൃഷ്ണകുമാരി പറഞ്ഞു.