പാലക്കാട്: സമയം നഷ്ടമാവുന്നുവെന്ന കാരണത്താൽ അഞ്ച് ട്രെയിനുകൾ ഷൊർണൂർ ജംഗ്ഷനിൽ പ്രവേശിക്കാതെ കടന്നുപോകുമ്പോൾ പടിഞ്ഞാറൻ മേഖലയിലെ പ്രധാന സ്റ്റേഷനാവുകയാണ് ഒറ്റപ്പാലം. നിർത്താതെ പോകുന്ന അഞ്ചു ട്രെയിനുകളുടെയും പാലക്കാട് കഴിഞ്ഞാൽ സ്റ്റോപ്പുള്ള ഏക സ്റ്റേഷൻ ഒറ്റപ്പാലമാണ്. കോയമ്പത്തൂർ ഭാഗത്തേക്കുള്ള യാത്രക്ക് മലബാറിന്റെ ഹബ്ബാവുകയാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ.

ഷൊർണൂരിൽ പ്രവേശിക്കാത്ത യാത്ര നടത്തുന്ന ഖൊരഖ്പൂർ - തിരുവനന്തപുരം രപ്തിസാഗർ, ബറൂണി - എറണാകുളം, ഇൻഡോർ - തിരുവനന്തപുരം അഹല്യാനഗരി, കോർബ - തിരുവനന്തപുരം, ധൻബാദ് - ആലപ്പുഴ ടാറ്റാനഗർ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ പാലക്കാട് കഴിഞ്ഞാൽ ഒറ്റപ്പാലത്താണ് ഇനി നിർത്തുക. ഇതിൽ ധൻബാദ് ആലപ്പുഴ (ബൊക്കാറോ) എക്‌സ്പ്രസിന് ഒറ്റപ്പാലത്ത് പുതിയതായി സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു. അമൃത എക്‌സ്പ്രസും രാജറാണിയും രണ്ടു ട്രെയിനുകളാകുന്നതോടെ അമൃത ഷൊർണൂരിൽ പ്രവേശിക്കില്ല. അപ്പോൾ അമൃത എക്‌സ്പ്രസിന്റെയും പടിഞ്ഞാറൻ മേഖലയിലെ പ്രധാന സ്റ്റേഷൻ ഒറ്റപ്പാലമായിമാറും.

-നിർത്താതെ പോകുന്നത് 16 തീവണ്ടികൾ

പാലക്കാട് തൃശൂർ പാതയിൽ 31 ട്രെയിനുകൾ കടന്നുപോകുന്നതിൽ 16 എണ്ണമാണ് ഒറ്റപ്പാലത്ത് നിർത്താതെ പോകുന്നത്. ഇവയ്ക്ക പാലക്കാട് കഴിഞ്ഞാൽ തൃശൂരിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. പത്ത് ട്രെയിനുകളാണ് ഒറ്റപ്പാലത്ത് നിർത്തുന്നത്. കടന്നുപോകുന്ന 31 ട്രെയിനുകളിൽ 27 എണ്ണത്തിന് ഷൊർണൂരിൽ സ്‌റ്റോപ്പില്ല. ആ സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകൾക്ക് ഒറ്റപ്പാലത്ത് സ്റ്റോപ്പ് നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കൂടാതെ സ്റ്റേഷന്റെ പ്രാധാന്യങ്ങൾ കൂടിയിട്ടും സൗകര്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

-സ്റ്റേഷന്റെ പോരായ്മകൾ
.കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ല.
.മേൽക്കൂരയില്ലാത്ത പ്ലാറ്റ്‌ഫോമുകൾ.
.പ്ലാറ്റ് ഫോമുകളിൽ പലഭാഗത്തും വെളിച്ചമില്ല.
.രണ്ടാം ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നില്ല.
.ഓട്ടോമാറ്റിക് ടിക്കറ്റ് സംവിധാനവും പ്രവർത്തിപ്പിക്കുന്നില്ല.
.കൃത്യമായ സുരക്ഷാ സംവിധാനങ്ങളില്ല.