പാലക്കാട്: വാളയാർ വനമേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താൻ പോയ ഫോറസ്റ്റ് വാച്ചർമാരുടെ സംഘത്തിലെ ഒരാൾ ആനയുടെ ചവിട്ടേറ്റ് മരിച്ചു. വാളയാർ സ്വദേശി മോഹനൻ (58) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പൈറ്റാകാട് വേലഞ്ചേരി കോട്ടാംമുട്ടിയിൽ മൂന്ന് ദിവസമായി ഇറങ്ങിയ രണ്ട് കാട്ടാനകളെ തുരത്താൻ പോയതായിരുന്നു സംഘം. ആനയെ തുരത്തുന്നതിനിടെ തിരിഞ്ഞോടിയ മോഹനനെ ആന പുറകിൽ നിന്ന് ചവിട്ടുകയായിരുന്നു. ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന മണികണ്ഠൻ, ഗിരീഷ്, ശശി, വിശ്വനാഥൻ, കൃഷ്ണൻ, ശെൽവൻ എന്നിവർക്ക് നിസാരമായ പരിക്കേറ്റു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതായി ഡി.എഫ്.ഒ പറഞ്ഞു.