chithra

അടുത്തലക്ഷ്യം ലോക അത്‌ലറ്റിക് മീറ്റെന്ന് ചിത്ര

പാലക്കാട്: ദോഹയിലെ ട്രാക്കിൽ1500 മീറ്ററിൽ സ്വർണം ഓടിയെടുത്ത ഇന്ത്യയുടെ അഭിമാനം പി.യു.ചിത്രക്ക് ഇന്നലെ ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം. രാവിലെ 7.10 ന് കോയമ്പത്തൂർ എയർപോർട്ടിൽ വിമാനമിറങ്ങിയ ചിത്രയെ സ്വീകരിക്കാൻ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രതിനിധികളും, കോച്ച് ഷിജിനും, സുഹൃത്തുക്കളും എത്തിയിരുന്നു. തുടർന്ന് റോഡ് മാർഗം പാലക്കാട് എത്തിയ താരത്തെ സ്വീകരിക്കാൻ വലിയ ജനാവലിതന്നെയുണ്ടായിരുന്നു. മുണ്ടൂർ പൗരാവലിയുടെ നേതൃത്വത്തിൽ പാലക്കാട് ശേഖരിപുരം മുതൽ മുണ്ടൂർ വരെ തുറന്ന ജീപ്പിൽ നിരവധി ബൈക്കുകളുടെ അകമ്പടിയോടെയാണ് ചിത്രയെ സ്വീകരിച്ചത്. എം.ബി. രാജേഷ് എം.പിയുൾപ്പെടെയുള്ളവർ ചിത്രയ്ക്ക് അഭിനന്ദനവുമായെത്തി.

സ്വർണ നേട്ടത്തിൽ സന്തോഷക്കുന്നുവെന്ന് പറഞ്ഞ ചിത്ര ദോഹയിൽ നടക്കാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പും ട്വന്റി -20 ഒളിമ്പിക്‌സുമാണ് തന്റെ അടുത്ത ലക്ഷ്യമെന്നും വ്യക്തമാക്കി. 2017ൽ ഭുവനേശ്വറിൽ നടന്ന എഷ്യൻ അത്‌ലറ്റിക് മീറ്റിലും 1500 മീറ്ററിൽ ചിത്ര സ്വർണം നേയിടിരുന്നു. ജക്കാർത്ത 2018 ഏഷ്യൻ ഗെയിംസിൽ ചിത്രയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ബഹ്‌റിൻ താരം ഗാഷോ ഇത്തവണയും വെല്ലുവിളിയായിരുന്നു. ഇന്ന് മുഴുവൻ നാട്ടിൽ ചെലവഴിച്ച ശേഷം നാളെ പരിശീലനത്തിനായി ചിത്ര ഊട്ടിയിലേക്ക് പോകും.

മത്സരം കടുപ്പം

മത്സരം പലഘട്ടത്തിലും കടുപ്പമേറിയതായിരുന്നു. ഭുവനേശ്വറിലെ നേട്ടം ആവർത്തിക്കാനായെങ്കിലും സീസണിലെ മികച്ച സമയം കണ്ടെത്താൻ കഴിയാത്തതിന്റെ നിരാശയുണ്ട്. ലോകോത്തര താരങ്ങളോടൊപ്പം മത്സരിച്ച അനുഭവം ഗുണം ചെയ്യും. അടുത്ത ലക്ഷ്യം ലോക അത്‌ലറ്റിക് മീറ്റാണ്. കഴിഞ്ഞ തവണത്തെ സാങ്കേതിക പ്രശ്‌നങ്ങൾ ഇക്കുറി വെല്ലുവിളിയാകില്ലെന്ന് പ്രതീക്ഷിക്കുന്നു.

പി.യു.ചിത്ര