പാലക്കാട്: 29 മുതൽ മെയ് ഒന്നുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം പൂർണമായും ജാഗ്രതരാവണം. കൂടാതെ വൈദ്യുതി ബന്ധവും ഫോൺ ബന്ധവും തകരാറിലാവുയാണെങ്കിൽ ഉടൻ പുനസ്ഥാപിക്കാനുള്ള നിർദ്ദേശവും കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർക്ക് നൽകണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


പൊതുജനങ്ങൾക്കുള്ള അറിയിപ്പ്


* ജില്ലയിൽ ഉരുൾപൊട്ടൽ സാദ്ധ്യത ഉള്ളതിനാൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം

* മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അരികിൽ വാഹനങ്ങൾ നിർത്തരുത്.

* ഒരു കാരണവശാലും നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത്.
* ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും ഇറങ്ങരുത്. നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും ഒഴിവാക്കണം.
* നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും എമർജൻസി കിറ്റ് സൂക്ഷിക്കണം

* സഹായം ആവശ്യമായി വന്നാൽ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പറായ 1077 ൽ വിളിക്കുക. പഞ്ചായത്ത് അധികൃതുടെ ഫോൺ നമ്പർ സൂക്ഷിക്കുക
* വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.

കിറ്റിൽ ഉണ്ടാകേണ്ട വസ്തുക്കൾ:

- ടോർച്ച്, തീപ്പെട്ടി/ലൈറ്റർ
- റേഡിയോ
- ഒ.ആർ.എസ് പാക്കറ്റ്, അത്യാവശ്യം വേണ്ട മരുന്ന്, ആന്റി സെപ്ടിക് ലോഷൻ
- ഒരു ലിറ്റർ വെള്ളം, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ബിസ്‌ക്കറ്റോ റസ്‌ക്കോ പോലുള്ള ഡ്രൈ സ്നാക്സ്
- ചെറിയ കത്തി
- 10 ക്ലോറിൻ ടാബ്ലെറ്റ്
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററി
- ബാറ്ററിയും കാൾ പ്ലാനും ചാർജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോൺ
- അത്യാവശ്യം പണം