ആനക്കര: അനധികൃതമായി കാറിൽ കടത്തുകയായിരുന്ന അരക്കോടി രൂപ തൃത്താല പൊലീസ് പിടികൂടി. സംഭവത്തിൽ മലപ്പുറം, പൊന്നാനി ചന്തപ്പടി സ്വദേശി സഞ്ജയൻ, മലപ്പുറം സ്വദേശി ഷബീബ് എന്നിവരെ അറസ്റ്റു ചെയ്തു. ശരീരത്തിൽ പ്രത്യേക സഞ്ചികളിലാക്കി സൂക്ഷിച്ച 50,87,000 രൂപയാണ് പിടികൂടിയത്. കൂട്ടുപാത വട്ടുള്ളി ഭാഗത്തുനിന്നാണ് പ്രതികൾ വാഹനസഹിതം പിടിയിലായത്.

കോയമ്പത്തൂരിൽ നിന്നും മലപ്പുറം ഭാഗത്തേക്ക് കടത്തുകയായിരുന്നു തുക. 2000 രൂപയുടെ 25 കെട്ടുകളും 500 രൂപയുടെ രണ്ട് കെട്ടുകളുമാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. തൃത്താല എസ്.ഐ ഐ.സി.ചിത്തരഞ്ജൻ, അഡീ. എസ്.ഐ. മാരിമുത്തു, സി.പി.ഒ.മാരായ ജയകുമാർ, ബിജു, എസ്.സി.പി.ഒ. സതീശൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.