പാലക്കാട്: നഗരത്തിലെ രൂക്ഷമായ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര നഗരസഭായോഗം നാളെ 11ന് നടക്കും. മാലിന്യം നീക്കം നിലച്ചതിനാൽ നഗരവാസികൾ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നം കണക്കിലെടുത്താണ് ചെയർപേഴ്‌സൺ യോഗം വിളിച്ചിരിക്കുന്നത്.

ഭരണ - പ്രതിപക്ഷത്തിന്റെ സഹകരണത്തോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. സി.പി.എം ഭരിക്കുന്ന കൊടുമ്പ് പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് മാലിന്യം സംസ്‌കരിക്കാനുള്ള അനുമതി നേടുകയോ, അല്ലാത്തപക്ഷം മറ്റുവഴി കണ്ടെത്തുകയോ ചെയ്യുമെന്നാണ് കരുതുന്നത്. ഇനിയും മാലിന്യം നീക്കം ചെയ്യാതിരുന്നാൽ മഴക്കാലം വരുന്നതോടെ പകർച്ചവ്യാധി ഉൾപ്പെടെയുള്ള മാരകമായ രോഗങ്ങൾ പിടിപെടുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പും കണക്കിലെടുത്താണ് പ്രശ്‌നം ചർച്ച ചെയ്യുന്നതിന് നഗരസഭ മുന്നോട്ട് വന്നിരിക്കുന്നത്. നിലവിൽ നഗരത്തിലെ മാലിന്യം കുമിഞ്ഞുകൂടാത്ത ഒരിടംപോലുമില്ല. പലഭാഗങ്ങളിലും രാത്രിയിലാണ് മാലിന്യങ്ങളടങ്ങിയ ചാക്കുകെട്ടുകൾ നിക്ഷേപിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലെയും ഫ്ലാറ്റുകളിലെയും മാലിന്യങ്ങൾ ദിനംപ്രതി കൂടിവരുകയാണ്.
വലിയങ്ങാടി പച്ചക്കറി മാർക്കറ്റ്, ബി.ഒ.സി റോഡ്, ജി.ബി റോഡ്, സ്റ്റേഡിയം സ്റ്റാന്റ് പരിസരം, സുൽത്താൻപേട്ട തുടങ്ങിയ നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. മാത്രമല്ല പകൽ സമയങ്ങളിൽ മാലിന്യങ്ങളടങ്ങിയ ചാക്കുകൾ കത്തിക്കുന്നത് ജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ട്രഞ്ചിംഗ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തോടെയാണ് മാലിന്യനീക്കം നിലച്ചത്. കൊടുമ്പ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രൗണ്ടിൽ മാലിന്യം നീക്കാൻ നഗരസഭയുമായി ചില നിബന്ധനകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും, എന്നാൽ നഗരസഭ ഇതുവരെയായി നിബന്ധനകൾ പാലിച്ചില്ലെന്നുമാണ് പഞ്ചായത്ത് പറയുന്നത്. നിബന്ധനകൾ എല്ലാം പാലിച്ചുവെന്നും കൊടുമ്പു പഞ്ചായത്തിന്റെ പിടിവാശിയാണ് ഇതിനു കാരണമെന്നാണ് നഗരസഭയുടെ വാദം. പ്രശ്‌നം നീണ്ടു പോവുകയാണെങ്കിൽ നഗരം പകർച്ചവ്യാധികളുടെ പിടിയിലാകും. ഇനിയും വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ മുഴുവൻ കൗൺസിലർമാർക്കെതിരെയും ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് കോളനികളിലും ഫ്ളാറ്റുകളിലും താമസിക്കുന്നവരുടെ തീരുമാനം.