* 10കിലോ കഞ്ചാവുമായി നാല് വിദ്യാർത്ഥികൾ പിടിയിൽ

പാലക്കാട്: എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് എക്‌സൈസ് സർക്കിൾ ഓഫീസ്, പാലക്കാട്, ആലത്തൂർ റേയിഞ്ച്, ഇന്റലിജൻസ് ബ്യൂറോ എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിൽ പത്തുകിലോ കഞ്ചാവുമായി നാലു വിദ്യാർത്ഥികൾ പിടിയിൽ.

കൂട്ടുപാത ജംഗ്ഷനിൽ നിന്ന് എട്ടുകിലോ കഞ്ചാവുമായി തൃശൂർ സ്വദേശികളായ നടുവടത്തു പറമ്പിൽ വിനു (18), കല്ലിഗപുറം വീട്ടിൽ അമിത് (24), ആലത്തൂർ ഭാഗത്ത് നിന്ന് കെ.ടി.എം ഡ്യൂക്ക് ബൈക്കിൽ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി ഇടുക്കി മണലി സ്വദേശി നവീൻ (23), എറണാകുളം നായർഅമ്പലം അശ്വിൻ ആബ്രോസ് (21) എന്നിവരാണ് പിടിയിലാത്.

ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നിന്നാണ് നാലുപേരും ഒരുമിച്ച് കഞ്ചാവ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പരിശോധനയിൽ രക്ഷപെടാൻ ശ്രമിച്ച സംഘത്തെ പിന്തുടർന്ന ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെയാണ് അമിത്, വിനു എന്നിവരെ കൂട്ടുപാതയിൽ നിന്നും മറ്റു രണ്ടുപേരെ ആലത്തൂരിൽ നിന്നും പിടികൂടിയത്.
സ്ഥിരം കഞ്ചാവ് കച്ചവടക്കാരായ പ്രതികൾ തൃശൂർ, ഇടുക്കി മേഖലയിലെ ഹോൾസെൽ ഡീലർമാർ കൂടിയാണ്. പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ ഈ മാസം വിവിധ കഞ്ചാവ് കേസുകളിലായി നാലു ബൈക്കും, ഒരു കാറും പിടികൂടിയിരുന്നു.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.സതീഷ്, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എം.റിയാസ്, സി.പി.മധു, രമേശ്, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഷൗക്കത്ത് അലി, പ്രിവന്റീവ് ഓഫീസർമാരായ സെന്തിൽ കുമാർ, യൂനുസ്, സജിത്ത്, രാജേഷ് കുമാർ, സജീവ്, സൈദ് മുഹമ്മദ്, സിവിൽ ഓഫീസർമാരായ ശിവകുമാർ, അഭിലാഷ്, രമേശ്, സൈദ് അൽമാസ്, ഡ്രൈവർമാരായ സത്താർ, കൃഷ്ണകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.