photo
ഒറ്റപ്പാലം സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിലെ യാത്രക്കാരുടെ തിരക്ക്.

ഒറ്റപ്പാലം: റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. നിലവിൽ പ്രവർത്തിക്കുന്നതിൽ മൂന്ന് നിരയായി മണിക്കൂറുകളോളം നിന്നാണ് യാത്രക്കാർ ടിക്കറ്റ് എടുക്കുന്നത്. തിങ്കളാഴ്ചയും പ്രത്യേക ദിവസങ്ങളിലുമായി പ്രവർത്തിക്കുന്ന കൗണ്ടറാണ് അടഞ്ഞു കിടക്കുന്നത്. ഇതുമൂലം ട്രെയിൻ വരുന്ന സമയങ്ങളിൽ ടിക്കറ്റ് കിട്ടാതെ യാത്രക്കാർ വലയുന്ന കാഴ്ച പതിവാണ്.

സ്റ്റേഷനിലെ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിച്ചിരുന്നത് ഓട്ടോമാറ്റിക് ടിക്കറ്റ് മെഷീൻ ആയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടുമാസമായി ഇതും പ്രവർത്തിക്കുന്നില്ല. മൂന്ന് ടിക്കറ്റ് കൗണ്ടറുകളാണ് സ്റ്റേഷനിലുള്ളത്. അതിൽ ഒന്ന് റിസർവേഷൻ ടിക്കറ്റ് ബുക്കിംഗിനും രണ്ടെണ്ണം സാധാരണ ടിക്കറ്റിനുമാണ് ഉപയോഗിക്കുന്നത്. തിരക്ക് പതിവായതോടെ യാത്രക്കാർ തന്നെ രണ്ടാം കൗണ്ടർ തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷണൽ മാനേജർക്ക് പരാതിയും നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. രാവിലെയും വൈകീട്ടുമാണ് സ്റ്റേഷനിൽ കൂടുതൽ യാത്രക്കാരെത്തുന്നത്. രാവിലെയുള്ള ഐലന്റ് എക്‌സ്പ്രസ്, ചെന്നൈ ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, കോയമ്പത്തൂർ മംഗലാപുരം ഇന്റർസിറ്റി എക്‌സ്പ്രസ്, ഷൊർണ്ണൂർ കോയമ്പത്തൂർ പാസഞ്ചർ, എറണാകുളം മെമു എന്നീ ട്രെയിനുകൾക്കാണ് കൂടുതൽ യാത്രക്കാർ.

ടിക്കറ്റ് എടുക്കുന്നതിനുള്ള സമയനഷ്ടംകാരണം ട്രെയിൻ നഷ്ടമാകുകയും അല്ലെങ്കിൽ ടിക്കറ്റുമായി ഓടിക്കയറേണ്ട സ്ഥിതിയുമാണെന്ന് യാത്രക്കാർ പറഞ്ഞു. തിങ്കളാഴ്ചകളിൽ മാത്രമാണ് രണ്ട് കൗണ്ടറുകളും പ്രവർത്തിക്കാൻ അനുമതിയുള്ളതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഓട്ടോമാറ്റിക് മെഷീൻ പ്രവർത്തിച്ചാൽ ജനറൽ ടിക്കറ്റ് എടുക്കേണ്ടവർക്കെല്ലാം കൗണ്ടറിൽ വരിനിൽക്കാതെ ടിക്കറ്റ് നേടാനാകും.