ഒറ്റപ്പാലം: കുഞ്ചൻ നമ്പ്യാരുടെ ജന്മനാടായ കിള്ളിക്കുറുശ്ശി മംഗലത്തുനിന്ന് തുള്ളൽ കലാകാരന്മാർ ആവിഷ്‌കരിച്ച തുള്ളൽ സമന്വയം ശ്രദ്ധേയമാകുന്നു. തുള്ളലിൽ വേഷവൈവിധ്യം കൊണ്ടും അവതരണം കൊണ്ടും വേറിട്ടുനിൽക്കുന്ന ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിവ സമന്വയിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. തനിമ ഒട്ടും നഷ്ടപ്പെടുത്താതെയാണ് ഇതിന്റെ അവതരണം.
ഹാസ്യവും, ഭക്തിയും നിറഞ്ഞ മൂന്ന് കഥകളാണ് രംഗത്ത് അവതരിപ്പിക്കുന്നത്. ശിവാർപ്പണമെന്ന പേരിൽ ഭക്ത മാർക്കണ്ഡേയ പുരാണം, കിരാതം, പുളിന്ദീ മോക്ഷം എന്നീ മൂന്നു കഥകളാണ് അരങ്ങിലെത്തുന്നത്. കുഞ്ചൻ സ്മാരകം പ്രദീപ്, കലാമണ്ഡലം ശിവദാസ് എന്നീ കലാകാരന്മാരാണ് തുള്ളൽ സമന്വയത്തിന് നേതൃത്വം നൽകുന്നത്.
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള അവതരണത്തിൽ തുള്ളലിന്റെ മുഖമുദ്രയായ ഹാസ്യം ആസ്വാദകരമായി അവതരപ്പിക്കുന്നു. മൂന്നു തുള്ളലുകൾ ഒരുമിച്ചു വേദിയിലെത്തുകയും, തനിമ നിലനിർത്തുന്ന രംഗാവതരണവും ഏറെ പ്രശംസ പിടിച്ചുപറ്റുന്നു. കലാമണ്ഡലം രജിസ്റ്റർ ഡോ. എം.കെ.ജയപ്രകാശാണ് പരിയാനമ്പറ്റ ഭജന സമിതിയിൽ നടന്ന പ്രഥമ അവതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ശീതങ്കൻ തുള്ളൽ അവതരിപ്പിക്കുന്നത് കുഞ്ചൻ സ്മാരകം പ്രദീപും, പറയൻ അവതരിപ്പിക്കുന്നത് കലാമണ്ഡലം ശിവദാസുമാണ്.
കക്കാട് ധനജ്ഞയ് കൃഷ്ണൻ ഓട്ടൻതുള്ളലും അവതരിപ്പിച്ചു. കുഞ്ചൻ സ്മാരകം അനിൽകുമാർ, കക്കാട് അനിരുദ്ധ് മാധവ് (പാട്ട്), കിള്ളിക്കുറുശ്ശിമംഗലം സുരേഷ് കുമാർ (മൃദംഗം), കലാമണ്ഡലം മുകേഷ് (ഇടക്ക) പക്കമേളമൊരുക്കുന്നു. മൂന്നു തുള്ളലുകളുമായി 15ലധികം കഥകളാണ് ഇവർ അവതരിപ്പിച്ചു വരുന്നു. മുഴുവൻ കഥാപാത്രങ്ങളും വേദിയിലെത്തുന്ന തുള്ളൽ നൃത്ത്യവും അവതരിപ്പിക്കാറുണ്ട്. തുള്ളലിൽ പുതുമയും തനിമയും നില നിർത്താനുള്ള ശ്രമത്തിലാണ് കുഞ്ചന്റെ പിൻതലമുറക്കാരായ ഇവരുടെ ലക്ഷ്യം.