ശ്രീകൃഷ്ണപുരം: അനധികൃതമായി സർവീസ് നടത്തിയ രണ്ട് സ്‌കൂൾ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. മണ്ണമ്പറ്റ പുന്നംപറമ്പ് നാലിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ വിവാഹ ആവശ്യത്തിനായി എത്തിയ രണ്ട് സ്‌കൂൾ ബസുകൾക്കെതിരെയാണ് ഒറ്റപ്പാലം മാട്ടോർ വാഹനവകുപ്പ് അധികൃതർ നടപടി സ്വീകരിച്ചത്.

കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ പ്രതിനിധികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കരിമ്പുഴ പൊമ്പ്ര ഹൈസ്‌കൂളിലെ രണ്ട് ബസുകൾക്കെതിരെയാണ് അനധികൃതമായാണ് സർവീസ് നടത്തിയെന്നു കാണിച്ച് ഓർഗനൈസേഷൻ പ്രതിനിധികൾ ഒറ്റപ്പാലം മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ പി.എം.രവികുമാർ, എം.മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സ്‌കൂൾ ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു.

ബസുകളുടെ പെർമിറ്റ് റദ്ദാക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മൂന്ന് ദിവസങ്ങൾക്കുള്ളിൽ വാഹനങ്ങളുടെ രേഖകൾ ഹാജരാകണമെന്നും സ്‌കൂൾ അധികൃതർക്ക് കർശന നിർദേശം നൽകിയതായി പി.എം.രവികുമാർ അറിയിച്ചു.