ചിറ്റൂർ: തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുതിരയോട്ടം കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ചു നടന്ന കുതിരയോട്ടത്തിൽ തമിഴ്‌നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി എഴുപതോളം കുതിരകൾ പങ്കെടുത്തു. ലക്ഷങ്ങൾ വിലപിടിപ്പുള്ള നല്ല ലക്ഷണമൊത്ത കുതിരകളാണ് ഓട്ടത്തിൽ പങ്കെടുക്കാനെത്തിയത്.

തമിഴ് തെലുങ്ക് കൂട്ടായ്മയിൽ നടക്കുന്ന ഉത്സവത്തിൽ ഓരോ കുടുംബത്തിന്റെ വഴിപാടായാണ് കുതിര ഓട്ടം നടത്തുന്നത്. ശനിയാഴ്ച വൈകീട്ടും ഇന്നലെ രാവിലെ 7 മുതൽ 10 മണി വരെയും പരിശീലന ഓട്ടം ഉണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം 3 മണിക്ക് തത്തമംഗലം അങ്ങാടിയിൽ ആരംഭിച്ച കുതിരയോട്ടം 6 മണിക്ക് സമാപിച്ചു. മന്ത്രി.കെ.കൃഷ്ണൻകുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. ഉത്സവ നടത്തിപ്പുകാർ മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും അയൽ സംസ്ഥാനത്തു നിന്നുമായി ആയിരങ്ങളാണ് ഉത്സവം കാണാൻ എത്തിയത്. മേയ് 4ന് നടക്കുന്ന ആനവേലയിൽ 40 ഓളം ഗജ്ജവീരന്മാർ അണിനിരക്കും. 5ന് ഗജ സംഗമവും നടക്കും.

ഫോട്ടേ: തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ചു നടന്ന കുതിരയോട്ടം.