ചിറ്റൂർ: പെപ്സികോ ഗുജറാത്തിൽ നടത്തുന്ന കർഷകദ്രോഹ നിലപാടുകളിൽ പ്രതിഷേധിച്ച് യുവജനതാദൾ (എസ്) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലെയ്‌സ് ബഹിഷ്‌കരണ ആഹ്വാനവും ലഘുലേഖാ വിതരണവും നടത്തി.
ലെയ്‌സ് നിർമാണാവശ്യത്തിനായി ഉല്പാദിപ്പിക്കുന്ന എഫ്..എൽ 2027 എന്ന പ്രത്യേക ഉരുളകിഴങ്ങിനം ഗുജറാത്തിലെ അഹമ്മദ്ദാബാദിലുള്ള കർഷകരുടെ കൃഷിയിടങ്ങളിൽ കണ്ടു എന്നതിന്റെ പേരിൽ കോർപ്പറേറ്റ് മുതലാളിമാർ കർഷകർക്കെതിരെ കോടതിയിൽ നിന്നും തെറ്റായ വിധി സമ്പാദിച്ച് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് കർഷകരുടെ ഭൂമിയിൽ അവർക്ക് ഇഷ്ടമുള്ള കൃഷിയിറക്കാൻ സാദ്ധ്യമല്ലാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. മുൻ യു.പി.എ സർക്കാരും നിലവിലെ മോഡി സർക്കാരും സ്വീകരിച്ച നയത്തിന്റെ ഫലമായാണ് ഇത്തരം കർഷകദ്രോഹ നയങ്ങൾക്ക് ഇടയാക്കിയത്. കുത്തക മുതലാളിമാരെ നിലയ്ക്ക് നിർത്താൻ ഇവരുടെ ഉല്ലന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് യുവജനതാദൾ (എസ്) ആഹ്വാനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ: ടി.മഹേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സി.മധു അദ്ധ്യക്ഷത വഹിച്ചു. ഷ നൂജ്, ജാസിർ, ഷാഹിദ്, അനന്തകൃഷ്ണൻ സംസാരിച്ചു.