പാലക്കാട്: ദാഹജലത്തിനായും ഭക്ഷണത്തിനായും നാട്ടിലേക്കിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാനും അവയെ തിരിച്ച് കാട്ടിലേക്കയക്കാനും ജില്ലയിലെ മണ്ണാർക്കാട്, പാലക്കാട്, നെന്മാറ ഫോറസ്റ്റ് ഡിവിഷനുകൾ ആവശ്യമായ മുൻകരുതലെടുത്തിട്ടുണ്ടെന്ന് ഫോറസ്റ്റ് ഡിവിഷൻ ഓഫീസർമാർ അറിയിച്ചു. കഴിഞ്ഞ ദിവസം വാളയാറിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ അപകടകാരികളായ ആനകളെ തിരിച്ചറിഞ്ഞ് അവയെ നിരീക്ഷിക്കാൻ കോളർ ഐഡി സംവിധാനം പാലക്കാട് ഫോറസ്റ്റ് വിഭാഗം ഏർപ്പെടുത്തിയിട്ടുണ്ട്.
പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ആറങ്ങോട്ട് കുളമ്പ്, വേനോലി, വാദ്ധ്യാർചള്ള, ഐ.ഐ.ടിയുടെ പിൻവശം എന്നീ പ്രദേശങ്ങളിലൂടെ 16 കിലോമീറ്ററുകളിലായി സൗരോർജ വേലി നിലവിലുണ്ട്. കൂടാതെ മതിലുകൾ, കിടങ്ങുകൾ എന്നിവയും കാട്ടാനകൾ വരുന്നത് തടയാനായി ഫോറസ്റ്റ് ഡിവിഷനുകൾ ഒരുക്കിയിട്ടുണ്ട്. കാട്ടാനകൾ കൂടുതലായി ഇറങ്ങുന്ന പാലക്കാട് ഫോറസ്റ്റ് ഡിവിഷനിലെ വാളയാർ, ഒലവക്കോട്, ഒറ്റപ്പാലം എന്നീ റെയ്ഞ്ചുകളിലായി 79 ഓളം വാച്ചർമാർ നിലവിലുണ്ട്.
മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽ വരുന്ന അഗളിയിൽ ഏഴും അട്ടപ്പാടിയിൽ മൂന്നും മണ്ണാർക്കാട് രണ്ടും വാച്ചർമാരെയാണ് നിയോഗിച്ചിരിക്കുന്നത്. നെന്മാറ ഫോറസ്റ്റ് ഡിവിഷനിൽ കാട്ടാന ഇറങ്ങാൻ സാധ്യതുള്ള കൊല്ലങ്കോട് റെയ്ഞ്ചിൽ നാല് വനപാലകരെ നിയമിച്ചിട്ടുണ്ട്.
കാടിനുള്ളിൽ തന്നെ കാട്ടാനകൾക്കായി കുളങ്ങളും ചെക്ക് ഡാമുകളും നിർമിച്ചിട്ടുണ്ട്. ആനയിറങ്ങാൻ സാധ്യതയുള്ള വാളയാർ, കൊല്ലങ്കോട്, ചെമ്മണാംമ്പതി തുടങ്ങിയ പ്രദേശങ്ങളിലെ സമീപത്തെ കാട്ടിൽ നിരവധി കുളങ്ങളാണ് നിർമിച്ചിട്ടുള്ളത്.