photo
ഒറ്റപ്പാലം ബസ് സ്റ്റാന്റിലേക്കുള്ള പുതിയ റോഡിന്റെ പണികൾ പുരോഗമിക്കുന്നു.

ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാന്റിലേക്ക് ബസുകൾ ഒഴുകെയുള്ള വാഹനങ്ങൾക്ക് പ്രവേശിക്കാനുള്ള പുതിയ റോഡിന്റെ നിർമ്മാണം തുടങ്ങി. സുന്ദരയ്യർ റോഡിൽ നിന്ന് സ്റ്റാന്റിന് പുറകിലൂടെയാണ് റോഡ് നിർമിക്കുന്നത്.

ഒറ്റപ്പാലം ബസ് സ്റ്റാന്റിലേക്കും ഷോപ്പിംഗ് കോംപ്ലക്‌സിലേക്കും വാഹനങ്ങളിൽ എത്തുന്നവർക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. സ്റ്റാന്റിന് മുൻവശത്തെ റോഡിൽ പാർക്ക് ചെയ്യുന്നത് ഗതാഗതകുരുക്കിന് കാരണമാകാറുണ്ട്. ഇടുങ്ങിയ റോഡായതിനാൽ നഗരത്തിൽ പാർക്കിംഗ് എന്നും യാത്രക്കാർക്ക് തലവേദനയാണ്. പുതിയ റോഡ് വരുന്നതോടെ സ്റ്റാന്റിന് പുറകുവശത്ത് പാർക്കിംഗിനായുള്ള പ്രത്യേക സ്ഥലവും നിർമ്മിക്കും. സ്റ്റാന്റിലേക്ക് എത്തുന്നവർക്കൊപ്പം ദൂരയാത്ര പോകേണ്ടവർക്കും ഇവിടെ പാർക്ക് ചെയ്യാനാകും. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. സുന്ദരയ്യർ റോഡിൽ നിന്ന് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡിന്റെ വശങ്ങൾ കെട്ടുന്ന പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

നിർമ്മാണം പൂർത്തിയായാൽ റെയിൽവേ സ്റ്റേഷന് മുൻവശത്തുകൂടി ആർ.എസ് റോഡിൽ നിന്നും സുന്ദരയ്യർ റോഡിൽ നിന്നും സ്റ്റാന്റിലേക്ക് വഴിയാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞതും റോഡ് നിർമ്മാണം ആരംഭിച്ചതോടെ സ്റ്റാന്റിന് പുറകുവശത്തെ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികളുടെ ലേലം നടത്താനൊരുങ്ങുകയാണ് നഗരസഭ.
നൂറിലേറെ കടമുറികളുള്ള ബസ് സ്റ്റാന്റിൽ ആകെ 17 മുറികൾ മാത്രമാണ് കച്ചവടക്കാർ ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും ഇപ്പോഴും പ്രവർത്തനം തുടങ്ങിയിട്ടില്ല. പുറകുവശത്ത് രണ്ടുനിലകളിലായി 50 മുറികളാണുള്ളത്.

റോഡും പാർക്കിംഗ് സ്ഥലവും വന്നാൽ കടമുറികൾ ലേലത്തിൽ പോകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. കടമുറി ലേലത്തിൽ കിട്ടുന്ന നിക്ഷേപതുക ഉപയോഗിച്ച് സ്റ്റാന്റ് നിർമ്മാണത്തിന്റെ വായ്പ അടക്കാമെന്ന ഉദ്ദേശത്തിലാണ് അധികൃതർ. റോഡിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും വശങ്ങൾകെട്ടി ടാർ ചെയ്ത് ഉടൻ പണി പൂർത്തിയാക്കും ഒപ്പം കടമുറികളുടെ ലേലം നടപടികളും ഉടൻ തുടങ്ങുമെന്ന് നഗരസഭ അധ്യക്ഷൻ എൻ.എം.നാരായണൻ നമ്പൂതിരി പറഞ്ഞു.