കൊല്ലങ്കോട്: മലയാളിയായ യുവാവിനെ ചെന്നൈയിൽ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട്, കൊല്ലങ്കോട് എസ്.വി സ്ട്രീറ്റിലെ ദുരൈ സ്വാമിയുടെ മകൻ ശബരിനാഥൻ (28)നെയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ചെന്നൈയിൽ പ്ലബിംഗ് ജോലി ചെയ്തു വരികയാണ് ശബരിനാഥൻ. ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് ശേഷം രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ ചേർന്ന് ഇയാളെ താമസസ്ഥലത്തു നിന്ന് വിളിച്ച് കൊണ്ടുപോയതായി നാട്ടുകാർ പറയുന്നു. പിന്നീട് ശ്രീ പെരുമ്പത്തൂർ എന്ന വിജനമായ സ്ഥലത്ത് നിന്നാണ് വെട്ടേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചെങ്കൽപേട്ട ഗവ. ആശുപത്രി മോർച്ചറിയിലെത്തിച്ച ശേഷം പൊലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റു മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ലഭിക്കുന്ന സൂചന. സംഭവം നടത്തിയ നാലുപേരെയും ചെന്നൈ പൊലീസ് പിടികൂടി. അമ്മ: രേണുക. സഹോദരൻ: വിഷ്ണുനാഥൻ. മൃതദേഹം ഇന്ന് രാവിലെ പത്തിന് ഊട്ടറ പൊതുസ്മശാനത്തിൽ സംസ്‌കരിക്കും.