വടക്കഞ്ചേരി: മലയോര മേഖലയിൽ കാട്ടാന ഭീതി തുടരുന്നു. പീച്ചി വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളിലാണ് കാട്ടാനകൾ കൂട്ടമായെത്തി കൃഷിയും മറ്റും നശിപ്പിക്കുന്നത് പതിവായിരിക്കുന്നത്.
കിഴക്കഞ്ചേരി പഞ്ചായത്തിലെ കണിച്ചിപ്പരുത, പിട്ടുക്കാരികുളമ്പ്, പനംകുറ്റി, പുല്ലംപരുത, പാലക്കുഴി തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപക കൃഷിനാശം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടനയിറങ്ങിയിരുന്നു. റബ്ബർ, വാഴ, തെങ്ങ്, കവുങ്ങ്, തുടങ്ങിയ വ്യാപകമായി നശിപ്പിച്ചിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. വനമേഖലയിലുള്ള ഒളകര, കൈതക്കൽ ഒറവ്, പാത്രക്കണ്ടം ആദിവാസി കേളനികളിലും കാട്ടാനശല്യം രൂക്ഷമാണ്. രാപ്പകലില്ലാതെ കാട്ടാനകൾ നാട്ടിൻപ്രദേശത്ത് ഇറങ്ങുന്നത് പ്രദേശവാസികളുടെ ജീവനുപോലും ഭീഷണിയായിരിക്കുകയാണ്. വനമേഖലയിൽ വെള്ളത്തിന്റെ കുറവും, നാട്ടിൻപുറത്ത് ചക്ക പഴുത്തു തുടങ്ങിയതുമാണ് കാട്ടാനകൾ നാട്ടിലേക്കെത്താൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കാർഷികവിള നശിച്ചാൽ നഷ്ടപരിഹാരം കിട്ടുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പ്രദേശവാസികൾക്ക് ഇത്തരത്തിൽ യാതൊരു ആനുകൂല്യവും ഇതുവരെ കിട്ടിയില്ല.