കൊല്ലങ്കോട്: ഊട്ടറഗായത്രി പുഴപാലത്തിന് സമീപം മാലിന്യ നിക്ഷേപം തുടരുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. കൊല്ലങ്കോട് - പുതുനഗരം പാതയിൽ ഗായത്രി പുഴപാലത്തിന്റെ വശങ്ങളിലാണ് കോഴിമാലിന്യം ഉൾപ്പെടെയുള്ളവ ചാക്കിൽ കെട്ടി നിക്ഷേപിക്കുന്നത്. മഴക്കാലത്ത് ഇവയെല്ലാം ചീഞ്ഞ് ഗായത്രി പുഴയിലേക്കാണ് ഒലിച്ചിറങ്ങുക.
മേട്ടുപാളയം, ചിക്കണാംമ്പാറ, പഴയങ്ങാടി പൊന്നുട്ട് പാറ, പയ്യല്ലൂർ മൊക്ക്, പുതുനഗരം, പെരുവെമ്പ്, കൊടുവായൂർ എന്നിവിടങ്ങളിൽ മാലിന്യം മൂലം വഴിയാത്രക്കാർക്ക് മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്.
കൂടാതെ മാംസാവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതിനായി എത്തുന്ന തെരുനായക്കൾ ഇരുചക്രവാഹനം ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയാണ്.
പലഭാഗത്തും മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെ താഴെയാണ് രാത്രിയുടെ മറവിൽ മാലിന്യം മാലിന്യം തള്ളുന്നത്. ഇവരെ പിടികൂടാൻ വേണ്ട നടപടി പഞ്ചായത്തുകളുടെയോ പൊലീസിന്റെയോ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
മാലിന്യങ്ങൾ കാക്ക ഉൾപ്പെടെയുള്ള പക്ഷികൾ കൊത്തിയെടുത്ത് കിണറുകളിലും വാട്ടർ ടാങ്കുകളിലും കൊണ്ടിടുന്നത് പതിവാകുന്നതോടെ പകർപ്പവ്യാധി രോഗങ്ങൾ പിടിപെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. മാലിന്യ സംസ്‌കരണം പൂർണമായി നടപ്പിലാക്കാൻ പഞ്ചായത്തുകൾക്ക് കഴിയാത്തതും ജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന്റെ പേരായ്മയും മാലിന്യങ്ങൾ കുന്നുകൂടാൻ കാരണമാകുന്നു.