കല്ലടിക്കോട്: മദ്യലഹരിയിൽ വാക്കുതർക്കത്തിനിടെ തലയ്ക്കടിയേറ്റ വാക്കോട് കൈപ്പള്ളിമാലിൽ മാത്യു ജോസഫ് (42) മരിച്ചു. ഞായറാഴ്ച രാത്രി 11ന് ഗായത്രി ബാറിന് മുന്നിലാണ് സംഭവം. സംഭവത്തിൽ അഞ്ചുപേർ പൊലീസ് പിടിയിലായതായി സൂചനയുണ്ട്.
ബാറിനുള്ളിലുണ്ടായ ചെറിയ വാക്കുതർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മാത്യുവിനെ ഉടൻ തച്ചമ്പാറയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. ഖത്തറിൽ ജോലി ചെയ്തിരുന്ന മാത്യു ജോസഫ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: ജീന തോമസ്. മക്കൾ: ഏഞ്ചൽ മാത്യു, എവിലിൻ മാത്യു, എക്വിലിന മാത്യു.