ഒറ്റപ്പാലം : പുതിയ വീടിന് മുൻവശം വൃത്തിയാക്കുന്നതിനിടെ വൈദ്യുതി തൂണിനോട് ചേർന്നുള്ള സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. വരോട് സ്‌കൂളിന് സമീപം തോട്ടം കുന്നത്ത് വീട് പത്മ വിലാസത്തിൽ ജയകൃഷ്ണനാണ് (48) മരിച്ചത്.
മേയ് രണ്ടിന് ഗൃഹപ്രവേശം നടക്കാനിരിക്കെയാണ് ദുരന്തം. സംഭവം കണ്ട് ഓടിയെത്തിയ ജയകൃഷ്ണന്റെ ഭാര്യ സുമയടക്കമുള്ള ബന്ധുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഷോക്കേറ്റ് പിടയുന്ന ജയകൃഷ്ണനെ പിടിക്കാൻ ശ്രമിച്ച ബന്ധുക്കളെ വീട്ടിലുണ്ടായിരുന്ന പെയിന്റിംഗ് തൊഴിലാളികളാണ് തടഞ്ഞ് രക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രി വാഹനമിടിച്ചാണ് റോഡിൽ സ്ഥാപിച്ച വൈദ്യുത പോസ്റ്റ് തകർന്നതെന്നാണ് പരാതി.