ഷൊർണൂർ: പ്രധാനമന്ത്രിയായ ശേഷം കേരളത്തിലെത്തിയ ജവഹർലാൽ നെഹ്‌റുവിന് റെയിൽവെയുടെ പ്രതാപ നഗരമായ ഷൊർണൂരിൽ നൽകിയ സ്വീകരണത്തിന് വേദിയായ ഗണേഷ് ഗിരിയിലെ റെയിൽവെ പാർക്ക് ആർക്കും വേണ്ടാതെ അനാഥാവസ്ഥയിൽ.
സ്വാതന്ത്ര്യാനന്തരം ഷൊർണൂരിലെ എം.ബി.മൂത്തേടത്തിന്റെ നിർബന്ധ പ്രകാരമാണ് നെഹ്‌റു ഷൊർണൂരിലെത്തിയത്. സ്വീകരണ വേദിയൊരുക്കാൻ ഗണേഷ് ഗിരി തന്നെ തിരഞ്ഞെടുത്തത് റെയിൽവെയുടെ കോൺട്രാക്ടറായ എം.ബി.മൂത്തേടത്ത് തന്നെയായിരുന്നു. നെഹ്‌റുവിന്റെ പ്രസംഗം കേൾക്കാനെത്തുന്ന നൂറുകണക്കിന് ആളുകൾക്ക് സൗകര്യമൊരുക്കാൻ മുണ്ടായയിലെ മുണ്ടൻ എന്നയാളെ മൂത്തേടത്ത് ചുമതലപ്പെടുത്തി. മുണ്ടനും നാട്ടുകാരായ അമ്പതോളം പേരും ചേർന്ന് ഗണേഷ് ഗിരി കുന്നിടിച്ച് നിരത്തി അഞ്ഞൂറോളം പേർക്ക് നിൽക്കാൻ പറ്റുന്ന മൈതാനം തീർത്തു.
ഗുരുവായൂരിൽ നിന്നാണ് നെഹ്‌റുവിനെ ഗണേഷ് ഗിരിയിലേക്ക് തുറന്ന വാഹനത്തിൻ സ്വീകരിച്ചെത്തിച്ചത്. സ്വീകരണാനന്തരം അദ്ദേഹത്തെ പാദസ്പർശമേറ്റ സ്ഥലം ആദര സൂചകമായി ചിൽഡ്രൻസ് പാർക്കായി റെയിൽവെ രൂപകല്പന ചെയ്തു.
കുട്ടികൾക്ക് കളിക്കാനും മറ്റു വിനോദത്തിനുമായി ചുറ്റുമതിൽ കെട്ടി മനോഹരമായ പാർക്ക് സ്ഥാപിച്ച് വർഷങ്ങളോളം റെയിൽവെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചിരുന്നു. എന്നാൽ, ഷൊർണൂരിലെ റെയിൽവെയുടെ പ്രതാപ കാലമായിരുന്ന ലോക്കോ ഷെഡിന്റെ പതനത്തോടെ പാർക്കും നാമാവശേഷമായി.
ഗണേഷ് ഗിരി റെയിൽവെ കോളനി സന്ദർശിക്കാൻ പോലും മറ്റു സ്ഥലങ്ങളിൽ നിന്ന് ആളുകൾ വരുമായിരുന്നു. ആ കാലഘട്ടത്തിൽ റെയിൽവെ പാർക്ക് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നെഹ്‌റുവിന് കയറി നിന്ന് പ്രസംഗിക്കാൻ കെട്ടിയ തറ ഇന്നും ഇവിടെ അവശേഷിക്കുന്നുണ്ട്. റെയിൽവെ പാർക്ക്, റെയിൽവെ ഇൻസ്റ്റിറ്റ്യൂട്ട്, റെയിൽവെ ഗ്രൗണ്ട് തുടങ്ങിയവയെല്ലാം ഇന്നും ഇവിടെയുണ്ട്. ഇവയെല്ലാം പുനരുജ്ജീവിപ്പിക്കണമെന്ന് റെയിൽവെക്ക് മുന്നിൽ പല സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല.
റെയിൽവെയുടെ ഷൊർണൂരിനോടുള്ള അവഗണനയായി ഇവയെല്ലാം നേരത്തേയും ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ തുറന്നു കാട്ടിയിട്ടുണ്ട്. ഷൊർണൂർ റെയിൽവെ ആശുപത്രിയുടെ കാര്യത്തിലും അധികൃതരുടെ നയം വ്യത്യസ്ഥമല്ല.
ഷൊർണൂർ ഗണേഷ് ഗിരിയിൽ ജവഹർ ലാൽ നെഹ്‌റുവിന് സ്വീകരണം നൽകിയ റെയിൽവേ പാർക്ക് കാടുമൂടിയ നിലയിൽ