പത്തനംതിട്ട: ഒരേ സ്ഥാനാർത്ഥികൾ പലതവണ ഏറ്റുമുട്ടുകയും വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുക. കൊടിക്കുന്നിൽ സുരേഷും ചെങ്ങറ സുരേന്ദ്രനും തമ്മിലുളള തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചരിത്രം കൗതുകകരമാണ്. ജില്ലയുടെ ഭാഗമായിരുന്ന പഴയ അടൂർ മണ്ഡലത്തിലാണ് പലതവണ ഇവർ ഏറ്റുമുട്ടിയത്. കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ് 1989ലാണ് ആദ്യമായി അടൂരിൽ മത്സരിക്കുന്നത്. കന്നി അങ്കത്തിൽ വിജയിച്ചു. 1991, 1996 വർഷങ്ങളിലും കൊടിക്കുന്നിൽ വിജയം ആവർത്തിച്ചു. 1998ലെ ഇടക്കാല തിരഞ്ഞെടുപ്പിലാണ് സി.പി.എെയുടെ ചെങ്ങറ സുരേന്ദ്രന്റെ രംഗപ്രവേശം. 17005 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൊടിക്കുന്നിൽ സുരേഷിനെ വീഴ്ത്തി. ഒരു വർഷത്തിനുശേഷം വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഏറ്റുമുട്ടിയത് ചെങ്ങറ സുരേന്ദ്രനും സുരേഷും. 22006 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചെങ്ങറ സുരേന്ദ്രനെ പരാജയപ്പെടുത്തി കൊടിക്കുന്നിൽ സുരേഷ് കണക്കുതീർത്തു. 2004ൽ ഇരുവരും വീണ്ടും അടൂരിൽ ഏറ്റുമുട്ടി. ഇത്തവണ വിജയം ചെങ്ങറ സുരേന്ദ്രനായിരുന്നു. 54534 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. മണ്ഡല പുനർനിർണയത്തോടെ അടൂർ മണ്ഡലം തന്നെ ഇല്ലാതായി. 2009ൽ കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര മണ്ഡലത്തിലേക്ക് മാറി. പഴയ അടൂരിന്റെ ഭാഗമായിരുന്ന കൊല്ലം ജില്ലയിലെ ഒട്ടുമിക്ക നിയമസഭാ മണ്ഡലങ്ങളും മാവേലിക്കരയിലുണ്ടായിരുന്നു. മാവേലിക്കരയിൽ നിന്ന് 2009ൽ കൊടിക്കുന്നിൽ സുരേഷ് വിജയിച്ചു. സി.പി.ഐയിലെ ആർ.എസ്. അനിലിനെ 48,088 വോട്ടിനായിരുന്നു പരാജയപ്പെടുത്തിയത്. ചെറിയൊരു ഇടവേളയ്ക്കുശേഷം ചെങ്ങറ സുരേന്ദ്രൻ 2014ൽ മാവേലിക്കരയിൽ കൊടിക്കുന്നിലിന് എതിരാളിയായി. ഇത്തവണയും വിജയം കൊടിക്കുന്നിൽ സുരേഷിനൊപ്പം തന്നെയായിരുന്നു.