janal
കാരയ്ക്കാട് ഇടത്തിലേത്ത് ഹരികൃഷ്ണന്റെ വീ​ട്ടി​ലെ ജ​നല​ഴി മോ​ഷ്ടാ​ക്കൾ അ​റ​ത്തു​മാറ്റി​യ നി​ലയിൽ

ചെങ്ങന്നൂർ: ജനലഴി അറുത്തുമാറ്റി മുറിക്കുളളിൽ കയറിയ മോഷ്ടാവ് സ്വർണവും പണവും കവർന്നു. കാരയ്ക്കാട് ഇടത്തിലേത്ത് ഹരികൃഷ്ണന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ 2.30 ന് മോഷണം നടന്നത്. വീടിന്റെ പടിഞ്ഞാറ് ഭാഗത്തുളള കിടപ്പുമുറിയുടെ ജനലഴിയാണ് അറുത്തുമാറ്റിയത്. ഹരികൃഷ്ണന്റെ മാതാവ് രാജമ്മ കിടന്നുറങ്ങുകയായിരുന്ന ഈ മുറിയിൽ കടന്ന മോഷ്ടാവ് കട്ടിലിനടിയിലെ പെട്ടിക്കുളളിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും ഒരു പവന്റെ സ്വർണ വളയുമാണ് കവർന്നത്. തടികൊണ്ട് നിർമ്മിച്ച ജനലഴികൾ അറുത്തുമാറ്റി മുറിക്കുളളിലും പിന്നീട് അടുക്കളയിലും കയറിയ മോഷ്ടാവ് അടുക്കളയുടെ പുറത്തേക്കുളള വാതിൽ തുറന്നിട്ടിരുന്നു. മാതാവിന്റെ കിടപ്പുമുറിയിൽ നിന്ന് ശബ്ദം കേട്ടപ്പോൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഹരികൃഷ്ണനും ഭാര്യ ദിവ്യയും ഉണർന്ന് ലൈറ്റിട്ടതോടെ തുറന്നിട്ടിരുന്ന അടുക്കള വാതിലിലൂടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഒന്നിലധികം പേർ ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു, മുളക്കുഴ ഗ്രാമപഞ്ചായത്തിലെ മുൻ അംഗം കൂടിയായ ദിവ്യ അറിയിച്ചതനുസരിച്ച് ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാർ പരാതി നൽകിയിട്ടില്ല.