beautification
സൗന്ദര്യവൽക്കരിക്കുന്ന ആഞ്ഞിലിത്താനത്തെ ചിറയിൽകുളം

തിരുവല്ല: കൊടുംവേനലിൽ ഒരു കുളം പുനർജനിക്കുന്നു. കുന്നന്താനം പഞ്ചായത്തിലെ ആഞ്ഞിലിത്താനം ചിറയിൽക്കുളമാണ് നാട്ടുകാർക്ക് അനുഗ്രഹമാകുന്നത്. മാലിന്യം നിറഞ്ഞും മണ്ണിടിഞ്ഞും സംരക്ഷണഭിത്തി തകർന്നും കിടക്കുകയായിരുന്നു ഇൗ കുളം. നാട്ടുകാരുടെ ഏറെനാളായുള്ള പരാതിയെ തുടർന്നാണ് നവീകരിച്ചത്. പഞ്ചായത്തിലെ 11, 12 വാർഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് കുളത്തിന്റെ പ്രയോജനം ലഭിക്കുക. ജലനിധി പദ്ധതിയും കുന്നന്താനം ഗ്രാമപഞ്ചായത്തും ചേർന്നാണ് ചിറയിൽകുളം സൗന്ദര്യവത്കരണം നടപ്പാക്കുന്നത്. ജലനിധിയിൽ നിന്ന് 29 ലക്ഷം രൂപ കുളത്തിന് പാർശ്വഭിത്തികൾ നിർമ്മിക്കുന്നതിന് അനുവദിച്ചിരുന്നു. ഭിത്തിനിർമ്മാണം അവസാനഘട്ടത്തിലാണ്. ചങ്ങനാശേരി -തോട്ടഭാഗം റോഡിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഈ ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് ചില നിബന്ധനകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ പണി തടസപ്പെട്ടു പ്രശ്നം പരിഹരിച്ച് ഉടൻ തന്നെ നിർമ്മാണം പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. കുളത്തിന്റെ പാർശ്വഭിത്തികൾ നിർമ്മിച്ചതിനു ശേഷം ചുറ്റും സംരക്ഷണ വേലികെട്ടും. സോളാർ ലൈറ്റുകൾ സ്ഥാപിക്കും. മൂന്നടി വീതിയിൽ ടൈൽ പാകി നടപ്പാത നിർമ്മിക്കും.

വടക്കുകിഴക്കേ മൂലയിൽ ശുദ്ധജല സംഭരണ കിണറിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. 1.25 കോടി രൂപയുടെ ജലനിധി കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായാണ് കിണർ നിർമ്മിക്കുന്നത്. പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ചുകഴിഞ്ഞു. വൈകാതെ പദ്ധതിയിലൂടെ കുടിവെള്ള വിതരണവും ആരംഭിക്കും