പത്തനംതിട്ട: ബംഗാളിൽ സീറ്റ് ധാരണ ഉറപ്പാക്കിയ ശേഷം കോൺഗ്രസ് പുറംകാൽ കൊണ്ട് തൊഴിച്ചെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. പ്രസ് ക്ളബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിൽ കോൺഗ്രസും സി.പി.എമ്മും പരസ്പരം മത്സരിക്കേണ്ടെന്നു തീരുമാനിച്ചതായിരുന്നു. സി.പി.എമ്മിനു ശക്തിയുളള മണ്ഡലങ്ങളും തങ്ങൾക്കു വേണമെന്ന കോൺഗ്രസിന്റെ വാശിയാണ് ധാരണ പൊളിച്ചത്.
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കു കാരണമാണ് വയനാട്ടിൽ രാഹുൽഗാന്ധിക്ക് മത്സരിക്കേണ്ടി വന്നത്. രാഹുൽ വയനാട്ടിൽ വന്നതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. രാഹുൽ തരംഗം എങ്ങുമില്ല.
? തമിഴ്നാട്ടിൽ സി.പി.എം സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളിൽ സോണിയയുടെയും രാഹുലിന്റെയും ചിത്രങ്ങൾ കാണുന്നു.?
തമിഴ്നാട്ടിൽ ഡി.എം.കെയുമായാണ് ഞങ്ങൾ സഖ്യമുണ്ടാക്കിയത്. ഡി.എം.കെ - കോൺഗ്രസ് സഖ്യം ചില സീറ്റുകളിൽ സി.പി.എമ്മിനെ പിന്തുണയ്ക്കുന്നു. അതുകൊണ്ടാണ് തമിഴ്നാട്ടിൽ സി.പി.എം സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളിൽ സോണിയയുടെയും രാഹുലിന്റെയും ചിത്രങ്ങൾ വച്ചത്.
? തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ ഉറപ്പായും പിന്തുണയ്ക്കുമോ ?.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് എന്താണ് തീരുമാനിക്കേണ്ടതെന്നത് അപ്പോഴത്തെ സാഹര്യം അനുസരിച്ചിരിക്കും. ബി.ജെ.പിയെ മാറ്റി മതേതര സർക്കാരിന് ഏതുതരം വിട്ടുവീഴ്ചയ്ക്കും സി.പി.എം തയ്യാറാകും.