കോഴഞ്ചേരി: അവശനിലയിൽ കണ്ട അനാഥ വൃദ്ധനെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ നെടുംപ്രയാർ പ്രമാടത്തുപാറയിൽ ഒറ്റക്കു താമസിക്കുന്ന കെ.ടി. ദാനിയേൽ (കൊച്ചുമോൻ - 60) നെയാണ് ആശുപത്രിയിലെത്തിച്ചത്. തോട്ടപ്പുഴശ്ശേരി പഞ്ചായത്തോഫീസിന്റെ വരാന്തയിൽ ക്ഷീണിതനായി കണ്ട ദാനിയേലിനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി ഗോപാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരും സ്ഥലത്തെത്തി. ദാനിയേലിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. പ്രമാടത്തുപാറയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ദാനിയേൽ അവിവാഹിതനാണ്.