കടമ്പനാട് : തുവയൂർ വടക്ക് പുത്തൻവീട്ടിൽ വടക്കതിൽ വീടിന്റെ ചായ്പിൽ ഇപ്പോഴും ആ താളമുണ്ട്. മൺപാത്രങ്ങൾ രൂപംകൊള്ളുന്ന തിരിവട്ടത്തിന്റെ താളം. അതിനുപിന്നിൽ എഴുപത്തിരണ്ടുകാരനായ പുരുഷോത്തമനും ഉണ്ടാകും. അദ്ധ്വാനത്തിനനുസരിച്ച് വരുമാനമില്ലങ്കിലും പാരമ്പര്യമായി കിട്ടിയ കുലത്തൊഴിലായ മൺപാത്രനിർമ്മാണം മുണ്ട് മുറുക്കിയുടുത്തും മുന്നോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം. സഹായത്തിന് ഭാര്യ ഓമനയുമുണ്ട്. പരമ്പരാഗതവ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുള്ള സഹായങ്ങൾ ഇവർക്ക് കിട്ടിയിട്ടില്ല. ജനകീയാസൂത്രണത്തിന്റെ പട്ടികയിലും ഇവരുടെ വ്യവസായം പെട്ടില്ല. കഷ്ടപാടിനനുസരിച്ച് പ്രതിഫലം കിട്ടുന്നില്ലെന്ന് അവർ പറയുന്നു. എങ്കിലും മറ്റ് തൊഴിലുകൾ അറിയില്ലാത്തതിനാൽ ഇതുമാത്രമാണ് ആശ്രയം.
ചെളികിട്ടാനുള്ള ബുദ്ധിമുട്ടാണ് പ്രധാനവെല്ലുവിളി. ഒരുകിലോമീറ്റർ അകലെയുള്ള സ്വന്തം നിലത്തിൽ നിന്നാണ് ഇപ്പോൾ ചെളി ശേഖരിക്കുന്നത് . 24 അടിതാഴ്ചയിൽ വലിയകുഴികുഴിക്കുമ്പോഴാണ് മൺപാത്രം നിർമ്മിക്കുന്നതിനുയോജ്യമായ ചെളിലഭിക്കുന്നത്. ഈ ചെളി, മണ്ണിന്റെ അംശംപോലും കലർന്നിട്ടില്ലാത്ത മണലുമായി കൂട്ടികലർത്തി പശയാക്കിയാണ് പാത്രനിർമ്മാണത്തിന് അനുയോജ്യമാക്കുന്നത് .പാത്രം നിർമ്മിച്ചുകഴിഞ്ഞാൽ രണ്ട് ദിവസത്തെ ഉണക്ക് വേണം. കലവും ചട്ടിയുയെല്ലാം ഉണക്കാകുമ്പോൾ മൂട് അടിച്ചുകൂട്ടും.ഇത് ഓമനയാണ് ചെയ്യുന്നത്. നൂറ് പാത്രം ചൂളയിൽ ഇട്ടാൽ കേടുപറ്റാതെ വില്പനക്ക് കിട്ടുന്നത് 75എണ്ണമായിരിക്കും. കലത്തിനും ചട്ടിക്കുമൊന്നും പഴയതുപോലെ ആവശ്യക്കാരില്ല. പൊങ്കാലകലങ്ങൾ ആവശ്യംപോലെ തമിഴ്‌നാട്ടിൽനിന്ന് വരുന്നതിനാൽ അതും ഇവിടെ വേണ്ട. പിന്നെ പൂജാസാധനങ്ങൾക്കുള്ള മൺപാത്രങ്ങളുടെ നിർമ്മാണമാണ് കൂടുതലും. അതിന് ഒരെണ്ണത്തിന് 20 രൂപ മുതൽ 35രൂപ വരെയേ കച്ചവടക്കാർ നൽകു. നഷ്ടം മാത്രമുള്ള ഇൗ മേഖലയോട് മക്കൾക്ക് താത്പര്യമില്ല. അവർ മറ്റ് തൊഴിലുകൾചെയ്യുന്നു. പരമ്പരാഗതമായ ഇൗ കുലത്തൊഴിൽ തങ്ങളുടെ കാലശേഷം അന്യം നിന്നുപോകുമോ എന്ന ആശങ്കയിലാണ് ഇരുവരും. പാത്ര നിർമ്മാണം പഠിക്കാൻ താൽപര്യമുള്ളവരെ പഠിപ്പിക്കാൻ ഇവർ തയ്യാറാണ്.
കൃഷിപ്പണികളും പശുവളർത്തലും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുമ്പോൾ പരമ്പരാഗതവ്യവസായമായ മൺപാത്രനിർമ്മാണംകൂടി ഉൾപെടുത്തിയാൽ തങ്ങൾക്ക് സഹായകമായേനെയെന്ന് അവർ പറഞ്ഞു.. തമിഴ്‌നാട്ടിൽ ഉപയോഗിക്കുന്ന തരത്തിലുള്ള വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന തിരിവട്ടം കിട്ടിയാൽ കൊള്ളാമെന്നതാണ് ഇവരുടെ ആഗ്രഹം. ഇതിന് പതിനായിരം രൂപ ചെലവ് വരും,