തിരുവല്ല: കൊയ്തുകഴിഞ്ഞ് പാടം തീയിട്ട്, ഉണങ്ങിയ വൈക്കോൽ കത്തിച്ചുകളയുന്നകാലം കഴിഞ്ഞു. അപ്പർകുട്ടനാടൻ പാടശേഖരങ്ങളിലും ട്രാക്ടർ ബ്ളെയർ ഉപയോഗിച്ച് വൈക്കോൽ റോളുകളാക്കി മാറ്റുന്ന യന്ത്രമെത്തി. കൊയ്ത്തു കഴിഞ്ഞ പാടത്തെ വൈക്കോൽ മുഴുവനും മണിക്കൂറുകൾക്കകം റോളുകളാക്കി മാറ്റി കർഷകർക്ക് നൽകും. ഇവ സൂക്ഷിച്ചു വയ്ക്കാനും പിന്നീട് ആവശ്യാനുസരണം വിൽപ്പന നടത്താനും കർഷകർക്ക് പ്രയോജനപ്രദമാണ് പുതിയ സംവിധാനം. ഒരോ നെൽക്കതിരുകളും വൈക്കോലാകുന്നതോടെ അത് സ്വന്തമാക്കാൻ ആവശ്യക്കാർ ഏറെയാണ്. എന്നാൽ പാടശേഖരങ്ങൾക്കുള്ളിൽ നിന്ന് റോഡിലെത്തുമ്പോൾ തന്നെ ഉയർന്ന ചെലവേറും അതിനാൽ വൈക്കോൽ കത്തിച്ച് കളയുകയായിരുന്നു മുമ്പ് പതിവ്. ചെലവ് കൂടിയതും തൊഴിലാളികളെ കിട്ടാതെ വന്നതും ക്ഷീരകർഷകർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. ഈ അവസരത്തിലാണ് ബെയ്‌ലർ മിഷന്റെ വരവ്. തൃശൂരിൽ നിന്നാണ് അപ്പർകുട്ടനാട്ടിൽ ഇത്തവണ നിരവധി ബ്ലെയർ മെഷീനുകൾ എത്തിയത്. ചില പാടങ്ങളിൽ കച്ചികെട്ടിയിരുന്ന ബ്ളെയർ ഒട്ടുമിക്ക പാടശേഖരങ്ങളിലും സജീവമായികഴിഞ്ഞു. ആൾകൊയ്ത്ത് സജീവമായിരുന്ന കാലത്ത് നല്ല വൈക്കോൽ കിട്ടിയിരുന്നു. പിന്നീട്‌കൊയ്ത്തു മെതിയന്ത്രം ഉപയോഗിച്ചു തുടങ്ങിയതോടെയാണ് വൈക്കോൽ പാഴായിക്കൊണ്ടിരുന്നത്. വൈക്കോൽ പാഴാക്കാതെ കെട്ടുകളാക്കുന്ന യന്ത്രം (ബ്ലെയർ മെഷീൻ) പാടത്തിറക്കിയതോടെ കർഷകർക്ക് പ്രയോജനമായി. ട്രാക്ടറിൽ ഘടിപ്പിച്ചാണ് ബ്ലെയർ മിഷൻ പ്രവർത്തിക്കുന്നത്. 22 കിലോ വീതമുള്ള കെട്ടുകളാക്കിയാണ് വൈക്കോൽ മാറ്റുന്നത്.
വൈക്കോലിനും ഡിമാൻഡായി
പുതിയ യന്ത്രം വന്നതോടെ വൈക്കോലിന് നല്ല ചെലവാണെന്ന് കൃഷി ഓഫീസർമാർ പറയുന്നു. പശു ഫാം, കൂൺ വളർത്തൽ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നാണ് ആവശ്യക്കാർ ഏറെയും വരുന്നത്. ചെറിയ കെട്ടുകളായതിനാൽ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകാനും കഴിയും. അതുപോലെ വൈക്കോൽ കൂട്ടി തുറു ഇടേണ്ട ആവശ്യവുമില്ല. തൊഴുത്തിലോ ടെറസിലോ മഴയും വെയിലും ഏൽക്കാതെ എത്രനാൾ വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാനും ബ്ലെയർ കച്ചിക്കു കഴിയും.