പത്തനംതിട്ട : ഡാമുകൾ തുറന്നതാണ് പ്രളയകാരണം എന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതി പരിശോധിക്കേണ്ടതിന് പകരം പരസ്യപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച ജനവിധി 2019 മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിക്കസ് ക്യൂറിയെ നിയമിച്ചത് ഹൈക്കോടതിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റിപ്പോർട്ട് പുറത്താകുന്നത്. അതിതീവ്രമായ മഴയാണ് പ്രളയകാരണമെന്ന് സാങ്കേതിക വിദഗ്ദ്ധൻമാരടങ്ങിയ ദേശീയ ജലകമ്മിഷൻ വ്യക്തമാക്കിയിരുന്നു. അമിക്കസ്ക്യൂറി ഒരു അഭിഭാഷകനാണ്. അദ്ദേഹം സാങ്കേതിക വിദഗ്ദ്ധനല്ല. റിപ്പോർട്ടും പ്രചരിപ്പിക്കുന്ന കാര്യങ്ങളും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.
പ്രളയത്തിന്റെ നേരിൽ സർക്കാരിനെതിരായി പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. ജലസേചന, വൈദ്യുതി വകുപ്പുകളുടെ കീഴിൽ 82 അണക്കെട്ടുകൾ ഉണ്ട്. ഇവയെല്ലാം വ്യത്യസ്ത സമയങ്ങളിലാണ് തുറന്നിട്ടുള്ളത്. പ്രളയം ഉണ്ടാകുന്നതിന് മാസങ്ങൾക്ക് മുമ്പേ ഡാം തുറന്നിരുന്നു. അത്കൊണ്ട് തന്നെ ഇക്കാര്യത്തിൽ വ്യക്തതയില്ല. പ്രളയം നിയന്ത്രിക്കാൻ ആവശ്യമായ ജലസംഭരണി കേരളത്തിനില്ല. ദേശീയ ജല കമ്മിഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിൽ ഇവയെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. അച്ചൻകോവിൽ, മീനച്ചിലാർ എന്നീ നദികളിൽ വെള്ളപ്പൊക്കം ഉണ്ടായി, ഈ നദികളിൽ അണക്കെട്ടില്ല. അപ്പോൾ ഇവിടെയെങ്ങനെയാണ് വെള്ളം പൊങ്ങിയത്. ഡാം മാനേജ്മെന്റ് പ്രശ്നമാണെന്ന ആരോപണത്തിനുള്ള മറുപടി ബന്ധപ്പെട്ട വകുപ്പുകൾ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് എം.പിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം.കെ രാഘവന് എതിരെയുള്ള ആരോപണം ഗൗരവമുള്ളതാണ്. നിജസ്ഥിതി ഇലക്ഷൻ കമ്മിഷൻ പരിശോധിക്കണം.
ഒരൊറ്റ ഇന്ത്യ എന്ന സന്ദേശവുമായി രാഹുൽഗാന്ധി മത്സരിക്കുമ്പോൾ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഒരുപോലെ മത്സരിക്കേണ്ട ആവശ്യമുണ്ടോയെന്നും അത് വേർതിരിവാണ് സൃഷ്ടിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. രാഹുൽ മത്സരിക്കുന്ന സംസ്ഥാനമാകെ തരംഗം ഉണ്ടാകുമെങ്കിൽ ഉത്തർപ്രദേശിൽ മത്സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.ജെ. തോമസ്, സംസ്ഥാന സമിതിയംഗം കെ. അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ്ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, സെക്രട്ടറി ബിജു കുര്യൻ എന്നിവർ സംസാരിച്ചു.