upayogyashoonyamaya-pipe
ഉപകനാലുകളിൽ ജലമെത്തിയില്ല കൊടുമണ്ണിൽ കർഷകരും പൊതുജനങ്ങളും വലയുന്നു

കൊടുമൺ: ജലക്ഷാമം രൂക്ഷമായ കൊടുമൺ ഗ്രാമപഞ്ചായത്തിലെ ഉപകനാലുകളിൽ വെള്ളമെത്തിയിട്ടില്ല. വള്ളവയൽ, ചേരുവ, കൊടുമൺചിറ, അങ്ങാടിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. മുൻവർഷങ്ങളിൽ പ്രധാന കനാൽ തുറന്നുവിടുന്നതിനൊപ്പം ഈ പ്രദേശങ്ങളിലെ ഉപകനാലുകളിലും ജലമെത്തുമായിരുന്നു. കാർഷിക വിളകൾ കരിഞ്ഞുണങ്ങുകയാണ്. ഉപകനാലുകളിൽ ജലമെത്തിയെങ്കിൽ മാത്രമേ കിണറുകളിൽ ജലം ലഭ്യമാകു.

ഉപകനാലുകളിലേക്ക് ജലമെത്തിക്കുന്നതിനുള്ള പൈപ്പുകൾ ഉപയോഗ്യശൂന്യമായതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. കൊടുമൺ കിഴക്ക് കോയിക്കൽ പാടശേഖരം, പറകുന്നിൽ ഭാഗം എന്നിവിടങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ് പൈപ്പുകൾ. കാലപ്പഴക്കത്താൽ തുരുമ്പിച്ച് അടർന്ന നിലയിലുള്ള പൈപ്പുകളിൽ കൂടി വെള്ളം കടത്തിവിട്ടാൽ പൊട്ടിയ ഭാഗങ്ങളിൽ കൂടി ലിറ്റർ കണക്കിന് വെള്ളം നഷ്ടമാകും, പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.