പത്തനംതിട്ട : പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ വീണ്ടും നാമനിർദേശ പത്രിക സമർപ്പിച്ചു. എൻ. ഡി.എ ഇലക്ഷൻ കമ്മിറ്റി കൺവീനർ കെ. ഹരിദാസ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.അനിൽ എന്നിവരാണ് ഇന്നലെ രാവിലെ പതിനൊന്നിന് കെ.സുരേന്ദ്രന് വേണ്ടി വരണാധികാരി ജില്ലാ കളക്ടർ പി. ബി.നൂഹ് മുൻപാകെ രണ്ട് സെറ്റ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ശബരിമല സമരവുമായി ബന്ധപ്പെട്ടതുൾപ്പെടെ 242 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കിയതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രൻ വീണ്ടും പത്രിക സമർപ്പിച്ചത്. ഇരുപത് കേസുകളുടെ വിവരങ്ങൾ ചേർത്ത് മാർച്ച് 30ന് സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. പത്രികയിൽ കേസുകളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചേർത്ത് തർക്കം ഒഴിവാക്കാനാണ് വീണ്ടും പത്രിക സമർപ്പിച്ചത്. മാർച്ച് 29 ന് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സുരേന്ദ്രന്റ പേരിൽ വിവിധ സ്റ്റേഷനുകളിലായി 222 കേസുകൾ കൂടി നിലവിലുള്ളതായി അറിയിച്ചത്. ഇത് സംബന്ധിച്ച് സമൻസോ സൂചനയോ സുരേന്ദ്രന് ലഭിച്ചിരുന്നില്ല.