പത്തനംതിട്ട : ജില്ലയിൽ വോട്ടർമാരുടെ ആകെ എണ്ണം 10 ലക്ഷം കവിഞ്ഞു. 2019 ഏപ്രിൽ നാലിലെ കണക്കുപ്രകാരം 10,21,144 പേർക്കാണ് ജില്ലയിൽ വോട്ടവകാശമുള്ളത്. കോട്ടയം ജില്ലയിൽ ഉൾപ്പെടുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലെ അന്തിമകണക്കുകൂടി വരുന്നതോടെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 14 ലക്ഷം കവിയുമെന്നാണ് കണക്കുകൂട്ടൽ.
ഈ വർഷം ജനുവരി 30 വരെ ജില്ലയിൽ 9,92,483 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിപ്പോൾ 10,21,144 ആയി വർദ്ധിച്ചു. ഫെബ്രുവരി മുതൽ മാർച്ച് 25 വരെയുള്ള ദിവസങ്ങൾക്കിടയിൽ നടത്തിയ പ്രത്യേക ഡ്രൈവ് വഴി 28,661 പേർ വോട്ടവകാശം വിനിയോഗിക്കുന്നതിന് അർഹതനേടി. ജില്ലയിലെ മണ്ഡലങ്ങളിൽ സ്ത്രീവോട്ടർമാരാണ് കൂടുതലെങ്കിലും രണ്ടുമാസത്തിനിടെ വോട്ടർപട്ടികയിൽ പേര് ചേർത്തതിൽ ഭൂരിപക്ഷം പുരുഷൻമാരാണ്. 15345 പുരുഷൻമാരാണ് മാർച്ച് 25ന് മുമ്പ് വോട്ടർപട്ടികയിൽ പേര് ചേർത്തത്. പുരുഷൻമാരായ ആകെ വോട്ടർമാരുടെ എണ്ണം 4,69,065 ൽനിന്നും 4,84,410 ആയി ഉയർന്നു. രണ്ടുമാസത്തിനിടെ 13,136 വോട്ടർമാർ മാത്രമേ വർദ്ധിച്ചുള്ളൂവെങ്കിലും ജില്ലയിൽ കൂടുതൽ ഇപ്പോഴും സ്ത്രീ വോട്ടർമാർതന്നെ 5,23,416 സ്ത്രീ വോട്ടർമാർ ഉണ്ടായിരുന്നത് 5,36,732 പേരായി ഉയർന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ രണ്ട് വോട്ടർമാരാണുള്ളത്.
കൂടുതൽ വോട്ട് ആറന്മുളയിൽ
സ്ത്രീ വോട്ടർമാരും പുരുഷ വോട്ടർമാരും കൂടുതലുള്ളത് ആറന്മുളയിലാണ്. 1,07,473 പുരുഷൻമാരും 1,20,296 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമടക്കം 2,27,770 വോട്ടർമാരുമായി ആകെയുള്ള കണക്കിലും ആറന്മുള തന്നെ മുന്നിൽ.
പുരുഷവോട്ടർമാർ കുറവ് കോന്നിയിലും സ്ത്രീ വോട്ടർമാർ കുറവ് റാന്നിയിലുമാണ്. കോന്നിയിൽ 92,032 പുരുഷവോട്ടർമാരും റാന്നിയിൽ 98,376 സ്ത്രീ വോട്ടർമാരുമാണുള്ളത്. റാന്നിയിൽ പുരുഷവോട്ടർമാർ 92,288 ആണെങ്കിൽ കോന്നിയിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം 1,02,673 ആണ്. കോന്നിയിൽ 194705ഉം റാന്നിയിൽ 190664ഉം വോട്ടർമാരുണ്ട്. ഏറ്റവും കുറവ് വോട്ടർമാർ റാന്നി നിയമസഭാ മണ്ഡലത്തിലാണ്.
അടൂരിലും തിരുവല്ലയിലും രണ്ടുലക്ഷത്തിൽപരം വോട്ടർമാരുണ്ട്. തിരുവല്ലയിൽ 97,743 പുരുഷൻമാരും 1,07,303 സ്ത്രീകളും അടക്കം 2,05,046 വോട്ടർമാരാണുള്ളത്. അടൂരിൽ 94,874 പുരുഷൻമാരും 1,08,084 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമടക്കം 2,02,959 വോട്ടർമാരുണ്ട്.