image

പത്തനംതിട്ട : ഡാമുകൾ തുറന്നതാണ് പ്രളയകാരണം എന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതി പരിശോധിക്കുന്നതിന് പകരം പരസ്യമാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിക്കസ് ക്യൂറിയെ നിയമിച്ചത് ഹൈക്കോടതിയാണ്. അതിതീവ്രമായ മഴയാണ് പ്രളയകാരണമെന്ന് സാങ്കേതിക വിദഗ്‌ദ്ധൻമാരടങ്ങിയ ദേശീയ ജലകമ്മിഷൻ വ്യക്തമാക്കിയിരുന്നു. അമിക്കസ് ക്യൂറി ഒരു അഭിഭാഷകനാണ്. അദ്ദേഹം സാങ്കേതിക വിദഗ്ദ്ധനല്ല. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവനെതിരായ ആരോപണം ഗൗരവമുള്ളതാണ്. നിജസ്ഥിതി ഇലക്ഷൻ കമ്മിഷൻ പരിശോധിക്കണം. രാഹുൽഗാന്ധി ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും മത്സരിക്കുമ്പോൾ വേർതിരിവാണ് സൃഷ്ടിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ്, സംസ്ഥാന സമിതിയംഗം കെ. അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം, സെക്രട്ടറി ബിജു കുര്യൻ എന്നിവർ സംസാരിച്ചു.