anto

പത്തനംതിട്ട: ശബരിമല വിഷയം പത്തനംതിട്ട മണ്ഡലത്തിൽ പ്രചാരണ വിഷയമായി മുറുകിയതോടെ സ്ഥാനാർത്ഥികളുടെ സ്വീകരണ പരിപാടികളിൽ പ്രകടമായ മാറ്റം. ആദ്യമൊക്കെ സ്ഥാനാർത്ഥികളെ ആവേശത്തോടെ സ്വീകരിക്കാനെത്തിയ പുരുഷന്മാരെ പിന്നോട്ടു വലിച്ച്, സ്ത്രീകളെ മുൻനിരയിലെത്തിക്കാൻ മത്സരിക്കുകയാണ് മുന്നണികൾ.

ത്രികോണമത്സരത്തിന്റെ വീറു നിറയുന്ന മണ്ഡലത്തിൽ വനിതകളെ ആദ്യം രംഗത്തിറക്കിയത് എൻ.ഡി.എയാണ്. പിന്നാലെ എൽ.ഡി.എഫും യു.ഡി.എഫും ഇതേ തന്ത്രം പയറ്റി. ശബരിമല സമരത്തിന്റെ ഭാഗമായി നാമജപങ്ങളിൽ പങ്കെടുത്ത അമ്മമാരടങ്ങുന്ന സ്ത്രീകളാണ് സുരേന്ദ്രനെ സ്വീകരിക്കാൻ മുന്നിൽ നിൽക്കുന്നത്. ശരണം വിളിച്ചും പൂമാല ചാർത്തിയും പ്രായമായ അമ്മമാർ കെട്ടിപ്പിടിച്ച് ഉമ്മവച്ചും സുരേന്ദ്രനെ വരവേൽക്കുന്നു. യുവാക്കൾ മുദ്രാവാക്യം വിളിച്ച് സ്ഥാനാർത്ഥിക്ക് അഭിവാദ്യമർപ്പിക്കുന്നു. പഞ്ചായത്തുകളിലെ മഹിളാ കൺവൻഷനുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സ്ഥാനാർത്ഥിക്കായി വീടുകൾ കയറിയിറങ്ങുന്നതും നാമജപത്തിൽ പങ്കെടുത്ത സ്ത്രീകളുടെ നേതൃത്വത്തിൽത്തന്നെ.

ശബരിമലയിലെ വിശ്വാസ സംരക്ഷണ സമരത്തിൽ സുരേന്ദ്രനെതിരെ 242 കേസുകൾ രജിസ്റ്റർ ചെയ്‌തെന്നു ചൂണ്ടിക്കാട്ടി സി.പി.എമ്മിന് എതിരെ എൻ.ഡി.എ പുതിയ പ്രചരണം ആരംഭിച്ചിട്ടുണ്ട്. സി.പി.എം, കോൺഗ്രസ് പക്ഷത്തുളള വിശ്വാസികളെക്കൊണ്ടു കൂടി സുരേന്ദ്രന് വോട്ടു ചെയ്യിക്കാമെന്നാണ് എൻ.ഡി.എയുടെ മനക്കണക്ക്.

അതേസമയം, എൻ.ഡി.എയുടെ തന്ത്രങ്ങളെ മറികടക്കാൻ എൽ.ഡി.എഫും സ്ത്രീകളെ കൂടുതലായി രംഗത്തിറിക്കി. സ്ഥാനാർത്ഥി വീണാ ജോർജിനെ സ്വീകരിക്കാനെത്തുന്നവരുടെ മുൻനിരയിൽ യുവതികളും കുട്ടികളുമാണ് കൂടുതലും. കുടുംബസംഗമങ്ങളിൽ സ്ത്രീപങ്കാളിത്തം വർദ്ധിപ്പിച്ചു. സ്‌ക്വാഡ് വർക്കിനും നേതൃത്വം സ്‌ത്രീകൾക്ക്.

കന്നിവോട്ടർമാരായ വിദ്യാർത്ഥിനികളെ കേന്ദ്രീകരിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പ്രചാരണം. മണ്ഡലത്തിലെ മിക്ക കോളേജുകളും അദ്ദേഹം സന്ദർശിച്ചു. വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി വോട്ടഭ്യർത്ഥിച്ചാണ് മടക്കം. സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടികളിലും വനിതകളുടെ പങ്കാളിത്തം കൂട്ടി.