റാന്നി: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകർത്ത് മതാധിഷ്ടിത രാഷ്ട്രം നിർമിക്കാനുളള നീക്കം പരാജയപ്പെടുത്താൻ ഇടതുബദൽ വിജയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

എൽ.ഡി.എഫ് പത്തനംതിട്ട പാർലമെന്റ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം റാന്നി ഇട്ടിയപ്പാറയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭാവി നിർണയിക്കുവാൻ ഈ തിരഞ്ഞെടുപ്പിന് കഴിയും. ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തുമെന്നും അതോടെ ഇനി രാജ്യത്തൊരു തിരഞ്ഞെടുപ്പ് വീണ്ടുമുണ്ടാകില്ലെന്നുമാണ് ആർ.എസ്.എസ് നേതൃത്വം പറയുന്നത്. ഇതിന്റെ ഭാഗമായാണ് സംഘപരിവാർ നടത്തിയ ഘർവാപ്പസിയെന്ന പരിപാടി. ഇതിലൂടെ അവർ ലക്ഷ്യം വച്ചത് ക്രിസ്ത്യൻ വിഭാഗത്തെയാണ്. രാജ്യാന്തര തലത്തിൽ എതിർപ്പുകൾ ശക്തമായതോടെയാണ് ഇവർ പിൻമാറിയത്. മുസ്ലിം വിഭാഗത്തെ ഒരു വശത്തൂടെ ആക്രമിക്കാനാണ് ഇവർ ശ്രമിക്കുന്നത്. നോമ്പ് കാലത്ത് ട്രെയിൻ യാത്ര ചെയ്ത മുസ്ലിം സഹോദരങ്ങളെ ഗുരുതരമായി ആക്രമിച്ചപ്പോൾ വീട്ടിൽ പശുവിറച്ചി പാകം ചെയ്തുവെന്നാരോപിച്ച് ആൾക്കൂട്ട കൊലപാതകങ്ങളും ഇവർ നടപ്പാക്കി. നാടിനെയും ജനാധിപത്യ മൂല്ല്യങ്ങളെയും സംരക്ഷിക്കാൻ ഇടതുബദലാണ് ശരിയെന്ന് ഇൗ തിരഞ്ഞെടുപ്പ് തെളിയിക്കും.

വീണാജോർജ് ഏഴ് നിയോജകമണ്ഡലത്തിലും സ്വീകാര്യയായ വ്യക്തിയാണെന്നും വിജയിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. രാജു എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ. പി.ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ.തോമസ്, സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷനംഗം എം.വി.വിദ്യാധരൻ, അഡ്വ.കെ.അനന്തഗോപൻ, അഡ്വ.ബേബിച്ചൻ വെച്ചൂച്ചിറ, അഡ്വ.മനോജ് ചരളേൽ, പി.ആർ.പ്രസാദ്, എസ്.ഹരിദാസ്, പി.എസ്.മോഹനൻ, എം.ജെ.രാജു, ബിനു തെള്ളിയിൽ, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, ഫിലിപ്പ് മാത്യു കുരുടാമണ്ണിൽ, എൻ.വി മാത്യു, രജീവ് താമരപ്പള്ളി, കെ.സതീഷ്, കോമളം അനിരുദ്ധൻ, ലിസി ദിവാൻ എന്നിവർ പ്രസംഗിച്ചു.