റാന്നി: സി.പി.എമ്മിനെതിരെ ഒന്നും മിണ്ടില്ലെന്ന രാഹുൽഗാന്ധിയുടെ ഔദാര്യം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റാന്നിയിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിലെ ഇരുപത് സ്ഥാനാർത്ഥികളിൽ ഒരാളാണ് എൽ.ഡി.എഫിന് രാഹുൽഗാന്ധി.
ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ നിലപാട് സ്വീകരിക്കുകയും കേരളത്തിൽ ബി.ജെ.പി മത്സര രംഗത്തില്ലാത്തിടത്ത് വന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിക്കുകയും ചെയ്യുമ്പോൾ രാഹുൽ എന്ത് സന്ദേശമാണ് പൊതുജനത്തിന് നൽകുന്നതെന്ന് വ്യക്തമാക്കണം. മതാധിഷ്ടിത രാഷ്ട്രം ലക്ഷ്യമിട്ട് രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പ്രളയം മനുഷ്യ നിർമ്മിതമെന്നാണ് ഒരു കൂട്ടരുടെ കണ്ടെത്തൽ. ദുരന്തം കഴിഞ്ഞ ശേഷം കേരളം പുനർസൃഷ്ടിക്കാൻ ഒരു രൂപയുടെ പോലും സഹായം ചെയ്‌തവരല്ല ഇവരെന്നും പിണറായി ചൂണ്ടിക്കാട്ടി.