പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തിൽ സമർപ്പിക്കപ്പെട്ട 23 പത്രികകളിൽ 19 എണ്ണം സൂക്ഷ്മ പരിശോധനയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അംഗീകരിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായ പുഷ്പാഗംദന്റെ പത്രിക ഫോം 26 സത്യവാങ്മൂലം പൂർണമല്ലാത്തതിനാൽ തള്ളി. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഡമ്മി സ്ഥാനാർത്ഥികളായ ഒാമല്ലൂർ ശങ്കരൻ, അശോകൻ കുളനട എന്നിവരുടെ പത്രികകളും തള്ളി. പാർട്ടി സ്ഥാനാർത്ഥികളുടെ പത്രിക അംഗീകരിച്ച സാഹചര്യത്തിലാണ് ഡമ്മി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് ഒരു അപരയുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥി വീണ.വി. ഇൗ പത്രിക തളളണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രതിനിധികൾ തർക്കമുന്നയിച്ചു. വോട്ടർ പട്ടികയിൽ വീണ വി.സ്വരാജ് എന്നാണ് പേര്. നാമനിർദേശ പത്രികയിലെ പേര് തെറ്റാണെന്ന് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഒാഫീസർക്ക് പരാതി നൽകി. ഇതു സംബന്ധിച്ച് ഇന്ന് രാവിലെ ഒൻപതരയ്ക്ക് കക്ഷികൾക്കു പറയാനുളളത് കേട്ട ശേഷം തീരുമാനമെടുക്കുമന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു.
യു.ഡി.എഫിന്റെ ആന്റോ ആന്റണിയുടെയും എൽ.ഡി.എഫിന്റെ വീണയുടെയും നാലു വീതം പത്രികകളും എൻ.ഡി.എയുടെ കെ. സുരേന്ദ്രന്റെ മൂന്നും എസ്.യു.സി.ഐയുടെ ബിനുവിന്റെ രണ്ടും സ്വതന്ത്ര സ്ഥാനാർത്ഥി ആർ. രതീഷ് കുമാറിന്റെ രണ്ടും ബി.എസ്.പിയുടെ ഷിബു പി.സിയുടെ മൂന്നും എ.പി.ഐയുടെ ജോസ് ജോർജിന്റെ ഒരു പത്രികയും അംഗീകരിച്ചു.