liquor
അറസ്റ്റിലായ നിയാസ്

തിരുവല്ല: കാലാഹരണപ്പെട്ട മദ്യം മോഷ്ടിച്ച് വിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. നിരണം വടക്കുംഭാഗം കിഴക്കേടത്ത് വീട്ടിൽ നിയാസി (31) നെയാണ് തിരുവല്ല റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ ബിവറേജസ് ചില്ലറ വില്പനശാലകളിൽ നിന്ന് കാലപ്പഴക്കമുള്ള മദ്യം, പുളിക്കീഴിലെ ടി.എസ്.സി മദ്യനിർമ്മാണ ശാലയിൽ കണക്കെടുത്തശേഷം നശിപ്പിക്കാനായി കൊണ്ടുവന്നതാണ് ഇയാൾ മോഷ്ടിച്ച് വിറ്റത്. ഇയാളിൽ നിന്ന് വിലകൂടിയ 38 കുപ്പി (28.5 ലിറ്റർ ) മദ്യം കണ്ടെടുത്തു. 1000 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യം ഇയാൾ 500 രൂപയ്ക്കാണ് വിറ്റിരുന്നത്. സിവിൽ എക്സൈസ് ഓഫിസർ വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്ന് മദ്യം കണ്ടെടുത്തത് .പുളിക്കീഴ് ബിവറേജസ് ഗോഡൗണിലെ സി.ഐ.ടി.യു തൊഴിലാളിയായ ഈ പ്രദേശത്തെ കഞ്ചാവ് മാഫിയയുടെ മുഖ്യകണ്ണിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ, പ്രിവന്റീവ് ഓഫീസർ സച്ചിൻ സെബാസ്റ്റ്യൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ മിനിമോൾ, സിനിമോൾ, ഡ്രൈവർ വിജയൻ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.